മൊബൈലിന് റെയ്ഞ്ച് ലഭിക്കാന്‍ മരത്തില്‍ കയറിയ ആദിവാസി വിദ്യാര്‍ഥി വീണ് ഗുരുതര പരിക്കേറ്റു
നട്ടെല്ലിന് പൊട്ടല്‍ സംഭവിച്ച കുട്ടിയെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍: പഠനാവശ്യത്തിന് മൊബൈലില്‍ റേഞ്ച് ലഭിക്കാന്‍ മരത്തില്‍ കയറിയ ആദിവാസി വിദ്യാര്‍ത്ഥി വീണ് ഗുരുതര പരിക്കേറ്റു. കണ്ണവം വനമേഖലയിലെ പന്നിയോട് ആദിവാസി കോളനിയിലെ പി അനന്തു ബാബുവിനാണ് അപകടത്തില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റത്. നട്ടെല്ലിന് പൊട്ടല്‍ സംഭവിച്ച കുട്ടിയെ പരിയാരം കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാനായാണ് വീടിനടുത്തുള്ള കൂറ്റന്‍ മരത്തിന് മുകളിലേക്ക് അനന്തബാബു കയറിയത്. നിലതെറ്റി പാറക്കൂട്ടത്തിലേക്കാണ് വിദ്യാര്‍ത്ഥി വീണത്. അനന്തബാബു അടക്കം കോളനിയില്‍ 72 വിദ്യാര്‍ത്ഥികളാണ് ഉള്ളത്. ഇവിടെ മൊബൈലിന് റേഞ്ചില്ലാത്തത് സംബന്ധിച്ച് നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
പത്താം ക്ലാസില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭിക്കാന്‍ ഇതേ മരത്തിന് മുകളില്‍ കയറിയാണ് അനന്തബാബു പഠിച്ചത്. ഇന്ന് ഉച്ചയ്ക്ക് പ്ലസ് വണ്‍ അലോട്ട്‌മെന്റ് പരിശോധിക്കാനായിരുന്നു വീണ്ടും മരത്തില്‍ കയറിയത്. വീണ ഉടനെ തന്നെ കുട്ടിയെ കൂത്തുപറമ്പ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ വിദഗ്ദ്ധ പരിശോധനയ്ക്ക് വേണ്ടി പരിയാരത്തേക്ക് മാറ്റുകയായിരുന്നു.