കുതിരാന്‍ തുരങ്കത്തിന് സമീപം റോഡില്‍ വിള്ളല്‍; ഗതാഗത നിയന്ത്രണം

Update: 2023-07-05 11:42 GMT

തൃശൂര്‍: ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിനു സമീപം റോഡില്‍ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു. മൂന്നടിയോളം ആഴത്തില്‍ താഴ്ന്നതോടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരാഴ്ച മുമ്പണ് പാലക്കാട് നിന്ന് തൃശൂര്‍ ഭാഗത്തേയ്ക്ക് വരുമ്പോള്‍ കുതിരാന്‍ തുരങ്കത്തിന് സമീപം റോഡിന്റെ ഒരു വശത്ത് വിള്ളല്‍ ദൃശ്യമായത്. ഇതിന് പിന്നാലെ മന്ത്രിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും ഭിത്തി കെട്ടാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. നാലുമാസം കൊണ്ട് പാത നിര്‍മ്മാണത്തിന്റെ കരാര്‍ എടുത്തിരിക്കുന്ന കമ്പനി പാര്‍ശ്വഭിത്തി കെട്ടണമെന്നാണ് ദേശീയപാത ഉദ്യോഗസ്ഥര്‍ അടക്കം പങ്കെടുത്ത യോഗത്തില്‍ ധാരണയായത്. നിലവില്‍ ഭിത്തി പണിയാതെ മണ്ണിട്ടുയര്‍ത്തി റോഡ് നിര്‍മ്മിക്കുകയായിരുന്നു. ഇതിനെതിരേ നാട്ടുകാര്‍ അന്നുതന്നെ പ്രതിഷേധവുമായെത്തിയിരുന്നു. ഈ ഭാഗത്താണ് കനത്തമഴയില്‍ വിള്ളല്‍ വീണത്. ഇതോടെ പ്രദേശത്ത് വന്‍ അപകടസാധ്യതയാണ് നിലനില്‍ക്കുന്നത്. അപകടം ഒഴിവാക്കാന്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഉയര്‍ത്തി നിര്‍മിച്ചിരിക്കുന്ന റോഡിന്റെ താഴെയുള്ള സര്‍വീസ് റോഡിലൂടെയുള്ള വാഹന ഗതാഗത നിരോധിച്ചിട്ടുണ്ട്.

Tags:    

Similar News