കുതിരാന്‍ തുരങ്കത്തില്‍ ഗുണ നിലവാരമുള്ള കാമറകള്‍ സ്ഥാപിക്കണം: മന്ത്രി കെ രാജന്‍
തൃശൂര്‍: കേരളം-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വ്യാപര ഇടനാഴിയായ കുതിരാന്‍ തുരങ്കത്തില്‍ ഗുണ നിവാരമുള്ള കാമറകള്‍ സ്ഥാപിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. കുതിരാന്‍ തുരങ്കവും ടോള്‍ പ്ലാസയും സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുതിരാനിലെ വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ദേശീയപാത അതോറിറ്റിയുടെ ചുമതലയാണ്. കഴിഞ്ഞ ദിവസം കുതിരാനിലെ തുരങ്കത്തില്‍ സ്ഥാപിച്ച ലൈറ്റുകള്‍ തകര്‍ത്ത ലോറിയുടെ നമ്പര്‍ പ്ലേറ്റ് വ്യക്തമായി കാമറയില്‍ തെളിഞ്ഞിരുന്നില്ല. ഗുണ നിലവാരമില്ലാത്ത ഈ കാമറകള്‍ മാറ്റുകയൊ, ശാസ്ത്രീയമായി പരിശോധിക്കുകയോ ചെയ്യണം. കാമറയുടെ ഗുണനിലവാരത്തെ കുറിച്ച് ജില്ലാ ഭരണകൂടവും പോലിസും ആശങ്ക അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം തുരങ്കത്തിലെ കാമറകളും ലൈറ്റുകളും ലോറി തട്ടി നശിച്ചിരുന്നു. അവ എത്രയും പെട്ടെന്ന് ശരിയാക്കുന്നതിനും മികച്ച കാമറ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരാര്‍ പ്രകാരം പറഞ്ഞിട്ടുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമേ ടോള്‍ പിരിക്കുന്നതിന് അനുവദിക്കൂ. നിരവധി പ്രവൃത്തികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായതെന്നും മന്ത്രി പറഞ്ഞു. രണ്ട് തുരങ്കവും തുറന്ന് കൊടുത്ത് ടോള്‍ പിരിവ് നടത്താമെന്ന് പ്രതീക്ഷിക്കേണ്ട. കരാര്‍ കമ്പനിയും ദേശീയ പാത അതോറിറ്റിയും കൃത്യമായി സുരക്ഷ മനദണ്ഡങ്ങള്‍ ഉറ്റപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ടി എന്‍ പ്രതാപന്‍ എം പി, ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആര്‍ രവി, ജനപ്രതിനിധികള്‍ പോലിസ് തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം കുതിരാന്‍ സന്ദര്‍ശിച്ചു.