കുതിരാന്‍ രണ്ടാം തുരങ്കം മൂന്ന് മാസത്തിനകം തുറക്കാനാകുമെന്ന് പ്രതീക്ഷ: മന്ത്രി കെ രാജന്‍ -കുതിരാനില്‍ പരീക്ഷണ സ്‌ഫോടനം നടത്തി

Update: 2022-01-07 17:33 GMT

തൃശൂര്‍: കുതിരാനിലെ രണ്ടാമത്തെ തുരങ്കം തുറക്കുന്നതിന് മുന്നോടിയായുള്ള ദേശീയപാത വികസനത്തിന്റെ ഭാഗമായി തുരങ്കത്തിന് സമീപം പരീക്ഷണ സ്‌ഫോടനങ്ങള്‍ നടത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.48 നും 3.30 നുമായി രണ്ടിടത്താണ് സ്‌ഫോടനങ്ങള്‍ നടത്തി പാറ പൊട്ടിച്ചത്. ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എല്ലാ മുന്‍കരുതലും സ്വീകരിച്ചായിരുന്നു സ്‌ഫോടനങ്ങള്‍. റവന്യൂ മന്ത്രി കെ രാജന്‍, ടി എന്‍ പ്രതാപന്‍ എം പി, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്.

കുതിരാന്‍ തുരങ്കത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ച ശേഷമായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തിന് മുന്നോടിയായി ആദ്യ സൈറണ്‍ മുഴക്കി. തുടര്‍ന്ന് 8 മിനിറ്റിന് ശേഷം രണ്ടാം സൈറണ്‍ മുഴക്കിയ ശേഷമായിരുന്നു സ്‌ഫോടനം. പ്രശ്‌നങ്ങളൊന്നും ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം മൂന്നാമത്തെ സൈറണ്‍ നല്‍കി കുതിരാന്‍ തുരങ്കത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു.

രണ്ടാമത്തെ തുരങ്കത്തിന്റെ തൃശൂരില്‍ നിന്നും പ്രവേശിക്കുന്ന വശത്തുള്ള പഴയ റോഡിന്റെ ഇരുവശങ്ങളിലായാണ് പാറ പൊട്ടിക്കുന്നതിനുള്ള പരീക്ഷണ സ്‌ഫോടനങ്ങള്‍ നടന്നത്. ആദ്യത്തെ ഇടത്തില്‍ രണ്ടു തവണയും രണ്ടാമത്തെ സ്ഥലത്ത് ഒരു തവണയും സ്‌ഫോടനങ്ങള്‍ നടത്തി. റിമോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ചായിരുന്നു സ്‌ഫോടനങ്ങള്‍. ടയറുകള്‍ കൂട്ടിയിട്ട് പാറക്കഷ്ണങ്ങള്‍ തെറിക്കാതെയും ശബ്ദവും പ്രകമ്പനവും കുറച്ചുമായിരുന്നു സ്‌ഫോടനങ്ങള്‍.

ഈ രീതിയില്‍ ഒരു ദിവസം മൂന്ന് സ്‌ഫോടനങ്ങള്‍ നടത്തിയാല്‍ 40 ദിവസം കൊണ്ട് പാറപൊട്ടിക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചതായി മന്ത്രി പറഞ്ഞു. എന്നാല്‍ ആദ്യ ആഴ്ചയില്‍ ദിവസവും രണ്ട് സ്‌ഫോടനങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കുക. തുടര്‍ന്ന് സുരക്ഷ പരിശോധിച്ച ശേഷം മൂന്നെണ്ണമാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാവിലെ ആറ് മുതല്‍ ഏഴ് വരെയുള്ള സമയത്തിനുള്ളിലും ഉച്ചയ്ക്ക് 12നും ഒരു മണിയ്ക്കും ഇടയിലുമാണ് സ്‌ഫോടനം നടത്താന്‍ അനുമതി നല്‍കിയത്.

സ്‌ഫോടന സമയത്ത് പൊതുജനങ്ങള്‍ക്ക് പ്രദേശത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രി അറിയിച്ചു. സ്‌ഫോടന സമയത്ത് ഗതാഗത നിയന്ത്രണം സമാനമായ രീതിയില്‍ നടത്തും. മൂന്നു മാസത്തിനുള്ളില്‍ രണ്ടാം തുരങ്കം തുറക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഫയര്‍ ആന്റ് സേഫ്റ്റി വിഭാഗം രണ്ടാമന്റെ തുരങ്കത്തില്‍ പരിശോധന പൂര്‍ത്തിയാക്കി. പാറ പൊട്ടിച്ച്

തുരങ്കത്തിലേക്കുള്ള റോഡിന്റെ പണി കൂടി പൂര്‍ത്തിയാക്കിയാല്‍ തുരങ്കം തുറക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രന്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ദേശീയപാത അതോറിറ്റി അധികൃതര്‍ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Tags:    

Similar News