ആന്ധ്രയില്‍ വാതകച്ചോര്‍ച്ച;അമ്പതിലധികം തൊഴിലാളികള്‍ ആശുപത്രിയില്‍
ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വാതക ചോര്‍ച്ചയുടെ കാരണം കണ്ടെത്തുന്നതിന് സംയുക്ത സമിതിയെ രൂപീകരിച്ചു
വിശാഖപട്ടണം :ആന്ധ്രപ്രദേശില്‍ വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് 53 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനകപല്ലെ ജില്ലയിലെ ബ്രാന്‍ഡിക്‌സ് സ്‌പെഷല്‍ എക്കണോമിക്‌സ് മേഖലയിലെ തുണിനിര്‍മാണ ശാലയിലെ തൊഴിലാളികളാണ് വാതകം ശ്വസിച്ച് അവശനിലയിലായത്.സമീപത്തുണ്ടായിരുന്ന ലബോറട്ടറിയില്‍ നിന്നും അമോണിയ വാതകമാണ് ചോര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
മിക്ക രോഗികള്‍ക്കുംം ശ്വസിക്കാന്‍ ബുദ്ധിമുട്ട്,ഛര്‍ദ്ദി എന്നിവയാണ് ഉണ്ടായിരുന്നതെന്നും,ചികില്‍സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അനക്കപ്പള്ളി ജില്ലാ മെഡിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് ഓഫിസര്‍ ഹേമന്ത് പറഞ്ഞു.ബ്രാണ്ടിക്‌സിന്റെ പരിസരത്താണ് വാതക ചോര്‍ച്ചയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പരിഭ്രാന്തിയെ തുടര്‍ന്ന് ജീവനക്കാര്‍ കമ്പനിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
ജൂണ്‍ മൂന്നിനും ജില്ലയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അബോധാവസ്ഥയിലായ 200 സ്ത്രീകളെയാണ് അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.സംഭവത്തെത്തുടര്‍ന്ന് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ വാതക ചോര്‍ച്ചയുടെ കാരണം കണ്ടെത്തുന്നതിന് സംയുക്ത സമിതിയെ രൂപീകരിച്ചു.വാതകച്ചോര്‍ച്ച സംബന്ധിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി ഹൈദരാബാദ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ പരിശോധന ആരംഭിച്ചു.