അണ്ണലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്
മാള: അഷ്ടമിച്ചിറ അണ്ണലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ (445) ഭരണ സമിതിയിലേക്ക് 2022 മെയ് 29ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ബിജെപിയും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് ഒരു പാനലായി മത്സരിക്കുകയാണെന്ന് സിപിഎം ഏരിയാ സെക്രട്ടറി ടി കെ സന്തോഷ് വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചു. ബിജെപി-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ജനങ്ങളോട് മറുപടി പറയണമെന്നും മാളയില്‍ എല്‍ ഡി എഫ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
12 ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് നാമനിര്‍ദ്ദേശപ്രതിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ നിലവില്‍ ഭരണമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന എല്‍ഡിഎഫ് 12 സ്ഥാനാര്‍ത്ഥികളുടെ പാനല്‍ ആണ് നാമനിര്‍ദേശപത്രികയായി നല്‍കിയിട്ടുള്ളത്. എതിര്‍പാനലായി കോണ്‍ഗ്രസ്-ബിജെപി 11 പേരെയാണ് മത്സരിപ്പിക്കുന്നത്. പട്ടികജാതി സംവരണ സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സൗമ്യ വിനീഷ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. കോണ്‍ഗ്രസ് - ബിജെപി പാനലിന് പട്ടികജാതി സംവരണ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിയാതെ തുടക്കത്തില്‍ തന്നെ പരാജയം സമ്മതിച്ചിരിക്കുകയാണ്. കഴിഞ്ഞ 32 വര്‍ഷമായി വലിയ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് ഭരണം നടത്തുന്ന ബാങ്ക് ഭരണസമിതി പിടിക്കാന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ടപ്പോഴാണ് പരസ്യമായി ഈ അവിശുദ്ധ സഖ്യത്തിന് മാള ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് -ബിജെപി നേതൃത്വം തയ്യാറായിട്ടുള്ളത്. സംസ്ഥാന ജില്ലാ നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയും ആശിര്‍വാദത്തോടെയുമാണ് ഇത് അരങ്ങേറുന്നത്. കേരളത്തില്‍ തദ്ദേശ ഉപതിര തെഞ്ഞെടുപ്പുകളിലും നേരത്തേ മുതല്‍ എല്‍ ഡി എഫിനെ പരാജയപ്പെടുത്താന്‍ ഈ മാതൃക സ്വീകരിച്ചിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബാങ്കിരിക്കുന്ന പ്രദേശത്ത് രണ്ടാം വാര്‍ഡില്‍ കോണ്‍ഗ്രസ് വോട്ട് ബിജെപിക്ക് മറിച്ച് കൊടുത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.