തിരുവനന്തപുരം: ആംനസ്റ്റി ഇന്ത്യയ്‌ക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ഫാഷിസത്തിന്റെ ഭീകര മുഖമാണ് വ്യക്തമാക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. ആര്‍എസ്എസ് നിയന്ത്രിത കേന്ദ്രസര്‍ക്കാര്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയുള്ള ശബ്ദങ്ങളെ എത്രമാത്രം ഭയപ്പെടുന്നു എന്നാണ് ഇതില്‍ നിന്നു വ്യക്തമാക്കുന്നത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ആംനസ്റ്റി ഇന്ത്യയെ അടച്ചുപൂട്ടാനുള്ള ശ്രമത്തിലായിരുന്നു. കശ്മീരിന് പ്രത്യേകാവകാശം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെയും ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ മുസ്‌ലിം വിരുദ്ധ കലാപത്തിലും ജമ്മു കശ്മീരിലും നടക്കുന്ന അവകാശ ലംഘനങ്ങളെക്കുറിച്ചും ആംനസ്റ്റി സമീപകാലത്ത് നടത്തിയ വിമര്‍ശനങ്ങള്‍ ഫാഷിസ്റ്റ് സര്‍ക്കാരിനെ ഏറെ പ്രകോപിപ്പിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ആംനസ്റ്റിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ഗത്യന്തരമില്ലാതെ ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ത്യയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
പൗരാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിക്കുന്നവരെ ഭീകര നിയമങ്ങള്‍ ചുമത്തി തടവിലിടുന്നതിന്റെ തുടര്‍ച്ചയാണിത്. സംഘടന എല്ലാ ഇന്ത്യന്‍, അന്തര്‍ദേശീയ നിയമങ്ങളും പാലിച്ചിട്ടുണ്ടെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളുയര്‍ത്തി ഇന്ത്യന്‍ സര്‍ക്കാര്‍ മനുഷ്യാവകാശ സംഘടനകളെ നിരന്തരം വേട്ടയാടുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നുമാണ് ആംനസ്റ്റി ഇന്ത്യയുടെ പ്രതികരണം. അനീതിക്കെതിരേ ശബ്ദമുയര്‍ത്തുന്ന ഒരു പ്രസ്ഥാനത്തെ വേട്ടയാടുന്നത് വിയോജിപ്പുകളെ ഇല്ലാതാക്കുന്നതിനു തുല്യമാണ്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇന്ത്യയുടെ മാനുഷിക മുഖം നഷ്ടപ്പെടുത്തുന്നതാണ് മോദി സര്‍ക്കാര്‍ നടപടികളെന്നും ഇതിനെതിരേ രാഷ്ട്രീയ, സാമൂഹിക, പൗരാവകാശ പ്രവര്‍ത്തകരുടെ ശക്തമായ ചെറുത്തുനില്‍പ്പ് ഉണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.