എ ആര്‍ റഹ്മാന്റെ ട്വീറ്റ്: അമിത് ഷായുടെ ഹിന്ദി പരാമര്‍ശത്തെക്കുറിച്ച് സാമൂഹികമാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ച
ചെന്നൈ: ഹിന്ദിഭാഷ രാജ്യത്ത് സ്വന്തം ഇഷ്ടപ്രകാരം ആര്‍ക്കും പഠിക്കാമെന്നും എന്നാല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അസ്വീകാര്യമാണെന്നും എഐഎഡിഎംകെ. സംഗീതകാരന്‍ എ ആര്‍ റഹ് മാന്‍ തമിഴില്‍ ചെയ്ത ഒരു ട്വീറ്റാണ് അമിത്ഷായുടെ പ്രാദേശിക ഭാഷാ വിരുദ്ധ പരാമര്‍ശത്തിനെതിരേയുള്ള സാമൂഹികമാധ്യമ ചര്‍ച്ചക്ക് വഴിമരുന്നിട്ടത്.
ഹിന്ദി ഓരോ വ്യക്തിക്കും സ്വന്തം ഇഷ്ടപ്രകാരം പഠിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും എന്നാല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നുമുളള ദ്രാവിഡ പ്രസ്ഥാനത്തന്റെ നേതാവായ സി എന്‍ അണ്ണാദുരൈയുടെ നിലപാട് ആവര്‍ത്തിച്ചാണ് എഐഎഡിഎംകെ തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചത്. എഐഎഡിഎം കോര്‍ഡിനേറ്റര്‍ അതുസംബന്ധിച്ച ഒരു ട്വീറ്റും ചെയ്തിരുന്നു.
ദ്വിഭാഷാ നിലപാടില്‍ പാര്‍ട്ടി ഉറച്ചുനില്‍ക്കുന്നുവെന്നുവെന്നും എഐഎഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പന്നീര്‍ശെല്‍വം വ്യക്തമാക്കി. തമിഴും ഇംഗ്ലീഷുമാണ് ദ്വിഭാഷാ പദ്ധതിയനുസരിച്ച് പഠിക്കേണ്ട രണ്ട് ഭാഷകള്‍.
റഹ് മാന്റെ പോസ്റ്റ് അമിത്ഷായുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെങ്കിലും തമിഴ് സ്വാഭിമാനത്തിന്റെ അടയാളങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു. ഞങ്ങളുടെ അസ്തിത്വത്തിന്റെ വേര് തമിഴാണ് എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഒപ്പം തമിഴ്‌ദേവതയുടെ ചിത്രവും ഉള്‍പ്പെടുത്തിയിരുന്നു. ഭാരതിദാസന്റെ തമിഴിയക്കത്തിലെ വരികളാണ് ഇത്. ചിത്രമാകട്ടെ കുന്തമേന്തി വെള്ള സാരിയുടുത്തു നൃത്തംചെയ്യുന്ന തമിഴ് സ്ത്രീയുടെതും. അമിത് ഷായുടെ പ്രതികരണത്തോട് തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിനും വിയോജിപ്പ് പ്രകടിപ്പിച്ചു.
ഹിന്ദിക്കെതിരേയുള്ള മനോഭാവം ഏറ്റവും ശക്തമായ സംസ്ഥാനമാണ് തമിഴ്‌നാട്. അമിത് ഷായുടെ പരാമര്‍ശം അതിന്റെ ഓര്‍മകള്‍ ഉയര്‍ത്തിവിട്ടിരിക്കുകയാണ്.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ സംസാരിക്കേണ്ടത് ഹിന്ദിയിലാണെന്നായിരുന്നു അമിത് ഷാ പറഞ്ഞത്.