അര്‍ജുനായുള്ള തിരച്ചിലില്‍ വഴിത്തിരിവ്; ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോഹസാന്നിധ്യമുണ്ടെന്ന സൂചന
അങ്കോല(കര്‍ണാടക): ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലില്‍ വഴിത്തിരിവെന്ന് സൂചന. ഡീപ് സെര്‍ച്ച് ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ലോഹസാന്നിധ്യമുണ്ടെന്ന സൂചന ലഭിച്ചതായാണ് വിവരം. നേരത്തെ അര്‍ജുന്റെ മൊബൈല്‍സിഗ്‌നല്‍ ലഭിച്ച അതേഭാഗത്താണ് ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ലോഹസാന്നിധ്യം കണ്ടെത്തിയത്. ഇതോടെ ഈ ഭാഗം കേന്ദ്രീകരിച്ച് കൂടുതല്‍ ആഴത്തില്‍ തിരച്ചില്‍ നടത്തിവരികയാണ്.
അതേസമയം, പ്രദേശത്ത് കനത്ത മഴ ആരംഭിച്ചത് തിരച്ചിലിന് പ്രതിസന്ധിയാകുന്നുണ്ട്. ഗംഗാവാലി പുഴയിലും തിങ്കളാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ നടത്തുന്നുണ്ട്. എന്നാല്‍, ഉച്ചയ്ക്ക് 12 മണിയോടെ മഴയും കാറ്റും ആരംഭിച്ചത് പുഴയിലെ തിരച്ചിലിനും വെല്ലുവിളിയാവുകയാണ്.