പഞ്ചശീറില്‍ ഐഎസ്‌ഐ ഇടപെടലിനെക്കുറിച്ച് വ്യാജ വാര്‍ത്ത നല്‍കി അര്‍ണാബ്: ട്വിറ്ററില്‍ ട്രോള്‍ പ്രളയം

Update: 2021-09-21 15:30 GMT

ന്യൂഡല്‍ഹി: അവതരണശൈലികൊണ്ടും വളച്ചൊടിക്കല്‍ക്കൊണ്ടും കുപ്രസിദ്ധിയാര്‍ജ്ജിച്ച റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി നല്‍കിയ വ്യാജ വാര്‍ത്തയെ തല്‍സമയം പൊളിച്ച് പാനലിസ്റ്റ്. ന്യൂസ് അവറില്‍ അര്‍ണാബ് നടത്തിയ ഒരു പ്രസ്താവനയാണ് വിവാദമായത്. വാര്‍ത്ത വ്യാജമാണെന്നതിന് തെളിവ് പുറത്തുവന്നതോടെ അതേ കുറിച്ചുള്ള ട്രോളുകളും ട്വിറ്ററില്‍ നിറഞ്ഞു. 

പഞ്ചശീറില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനായി ഐഎസ്‌ഐ ഏജന്റുമാര്‍ കാബൂളിലെ സെറെന ഹോട്ടലില്‍ അഞ്ചാം നിലയില്‍ താമസിക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ സംഘങ്ങളില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് തന്റെ ഷോയില്‍ അര്‍ണാബ് അവകാശപ്പെട്ടു. ഷോയില്‍ പാനലിസ്റ്റായിരുന്ന പാകിസ്താനിയായ അബ്ദുള്‍ സമദ് യാക്കൂബാണ് അര്‍ണാബ് പറഞ്ഞത് വ്യാജമാണെന്നതിന് തെളിവ് നല്‍കി. ഗോസ്വാമി പറയുന്ന ഹോട്ടലിന് അഞ്ച് പോയിട്ട് മൂന്നാം നില പോലുമില്ലെന്ന് യാക്കൂബ് മറുപടി നല്‍കി. ആകെ രണ്ട് നില മാത്രമുള്ള ഹോട്ടലിനെയാണ് അര്‍ണാബ് അഞ്ചാം നിലയിലെ രഹസ്യമെന്ന മട്ടില്‍ അവതരിപ്പിച്ചത്. 

എന്നാല്‍ അര്‍ണാബ് തന്റെ വാദത്തില്‍ ഉറച്ചുനിന്നെന്നുമാത്രമല്ല, അവിടെ അവര്‍ കഴിച്ച ഭക്ഷണം എന്താണെന്നും പോലും തനിക്കറിയാമെന്ന് അവകാശപ്പെട്ടു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിക്കാരനാണ് യാക്കൂബ്. 

നേരത്തെ നടന്ന ചര്‍ച്ച ആള്‍ട്ട് ന്യൂസ് എഡിറ്റര്‍ മുഹമ്മദ് സുബൈര്‍ 'അര്‍ണാബും അദ്ദേഹത്തിന്റെ രഹസ്യാന്വേഷണക്കാരും' എന്ന പേരില്‍ പങ്കുവച്ചതോടെയാണ് സംഭവം കൂടുതല്‍ പേരുടെ ശ്രദ്ധയിലെത്തിയത്.

സുബൈറിന്റെ പോസ്റ്റ് പുറത്തുവന്നതോടെ അതേ കുറിച്ച് നിരവധി ട്രോളുകളും പുറത്തുവന്നിട്ടുണ്ട്. 


Tags:    

Similar News