അര്‍ണബിന്റെ വാട്ട്‌സ്ആപ്പ് ചാറ്റ് വിവാദം: സൈനിക നീക്കം ചോര്‍ന്നത് രാജ്യദ്രോഹം, കുറ്റക്കാരെ ശിക്ഷിക്കണം-കോണ്‍ഗ്രസ്
റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വിവാദം കത്തിപ്പടരുന്നതിനിടെയാണ് കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ കെ ആന്റണി മുന്നോട്ട് വന്നത്.
ന്യൂഡല്‍ഹി: സൈനിക നടപടികളുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യം ചോര്‍ന്നത് രാജ്യദ്രോഹമാണെന്നും അതില്‍ ഉള്‍പ്പെട്ടവരെ ശിക്ഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റുകളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ വിവാദം കത്തിപ്പടരുന്നതിനിടെയാണ് കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എ കെ ആന്റണി മുന്നോട്ട് വന്നത്.
2019ലെ വ്യോമാക്രമണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ സര്‍ക്കാര്‍ ഉടന്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.സൈനിക നടപടികളുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യം ചോര്‍ത്തുന്നത് ഒരു ദേശീയ സുരക്ഷാ വീഴ്ചയും രാജ്യദ്രോഹവുമാണ്. ഈ ചോര്‍ച്ചയ്ക്കു പിന്നില്‍ ആരാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നും അതില്‍ ഉള്‍പ്പെട്ടവര്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്നും ആന്റണി പറഞ്ഞു.
2019 ഫെബ്രുവരി 26ന് പാകിസ്താനിലെ ബാലാക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണ വിവരങ്ങള്‍ അര്‍ണബ് നേരത്തേ അറിഞ്ഞുവെന്ന് വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ വാട്ട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.