'ആര്യന്‍ ഖാന്റെ അറസ്റ്റ് പണം തട്ടാനുള്ള ശ്രമം'; ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ വിവരങ്ങള്‍ എടുത്ത് പറഞ്ഞ് നവാബ് മാലിക്
മുംബൈ: ആര്യന്‍ ഖാന്റെ അറസ്റ്റ് തട്ടിക്കൊണ്ട് പോയി പണം തട്ടുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന് ഹൈക്കോടതിയുടെ ഉത്തരവ് തെളിയിക്കുന്നതായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ആഢംബര കപ്പലിലെ ലഹരിക്കേസില്‍ ആര്യന്‍ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി നല്‍കിയ വിധിയിലെ പ്രധാന നിരീക്ഷണങ്ങള്‍ പങ്കുവച്ചാണ് നവാബ് ഖാന്‍, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്‌ക്കെതിരേ പുതിയ ആക്രമണം നടത്തിയത്.
''ആര്യന്‍ ഖാനെതിരേ തെളിവുകളില്ല, വാട്‌സ് ആപ് ചാറ്റിലും അതിനാവശ്യമായ തെളിവില്ല. ആര്യന്‍ ഖാന്റെ കയ്യില്‍നിന്ന് മയക്കുമരുന്ന് കണ്ടെത്തിയില്ല. മുന്‍മുന്‍, അര്‍ബാസ് എന്നിവരുടെ കയ്യില്‍ ചെറിയ അളവിലുളള ലഹരിയേ കണ്ടെത്തിയുള്ളു, മുന്‍മുന് ആര്യനും അര്‍ബാസുമായി നേരത്തെ ബന്ധമില്ല, വാട്‌സ്ആപ് ചാറ്റില്‍ ഗൂഢാലോചന നടന്നതായി തെളിവില്ല, കുറ്റം ചെയ്യാനുള്ള ഗൂഢാലോചന നടന്നതായും തെളിയിക്കാനായില്ല''-ഇത്തരം നിരീക്ഷണങ്ങള്‍ അടങ്ങിയ ചിത്രത്തോടൊപ്പമാണ് നവാബ് ഖാന്‍ ഫേസ്ബുക്കില്‍ ആക്രമണം അഴിച്ചുവിട്ടത്.
ലഹരിപ്പാര്‍ട്ടി നടത്തിയെന്നും മയക്ക്മരുന്ന കൈമാറിയെന്നും ആരോപിച്ചാണ് ആഢംബരക്കപ്പലില്‍നിന്ന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിന് നേതൃത്വം നല്‍കിയ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മേധാവി സമീര്‍ വാങ്കഡെയുമായി വലിയൊരു തര്‍ക്കത്തിനാണ് ഇത് തുടക്കം കുറിച്ചത്. വാങ്കഡെയും കൂട്ടാളികളും അറസ്റ്റിലൂടെ പണം നട്ടാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് മാലിക് ആരോപിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി വന്ന ഒരു സെള്‍ഫി കാര്യങ്ങള്‍ മാറ്റിമറിച്ചു.
സ്വകാര്യ കുറ്റാന്വേഷകനും പിന്നീട് സാക്ഷിയുമായ കെ സി ഗൊസാവിയാണ് ആര്യന്‍ ഖാനുമായി സെല്‍ഫിയെടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഗൊസാവിയുടെ സാന്നിധ്യത്തെ നവാബ് മാലിക് ചോദ്യം ചെയ്തു. ഏജന്‍സിയുമായി ബന്ധമില്ലെന്ന് നര്‍കോട്ടിക്‌സ് ബ്യൂറോ മാധ്യമങ്ങളെ അറിയിച്ചു. അതിനിടയില്‍ ഷാരൂഖ് ഖാനില്‍ നിന്ന് കൈക്കൂലിയായി പണം വാങ്ങിയെന്ന് ഗൊസാവിയുടെ അംഗരക്ഷകന്‍ പുറത്തുപറഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായി.