ഫഹദ് ഷായുടെ അറസ്റ്റ്; രാജ്യസുരക്ഷയുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ്
ന്യൂഡല്‍ഹി; കശ്മീരി മാധ്യമപ്രവര്‍ത്തകനും ദി കശ്മീരി വാലയുടെ എഡിറ്ററുമായ ഫഹദ് ഷായെ ദേശീയ സുരക്ഷയുടെ പേരില്‍ അറസ്റ്റ് ചെയ്ത നടപടിക്കെതിരേ എഡിറ്റേഴ്‌സ് ഗില്‍ഡ്. കശ്മീരില്‍ മാധ്യമസ്വാതന്ത്ര്യത്തിനുള്ള ഇടം ക്രമേണ ക്ഷയിച്ചുവരുന്നതില്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് ആശങ്കപ്രകടിപ്പിച്ചു. അധികാരികള്‍ ജനാധിപത്യപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ഫഹദിന്റെ അറസ്റ്റിന് ദിവസങ്ങള്‍ക്ക് മുമ്പ്, കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഏറ്റുമുട്ടലിനിടെ തങ്ങളുടെ 'നിരപരാധിയായ' മകനെ സുരക്ഷാ സേന വധിച്ചതായി ഒരു കുടുംബത്തെ ഉദ്ധരിച്ചുകൊണ്ടുള്ള ഒരു വാര്‍ത്ത കശ്മീര്‍ വാല പ്രസിദ്ധീകരിച്ചിരുന്നു. മരിച്ചത് കൊടുംകുറ്റവാളിയാണെന്നാണ് പോലിസ് പറയുന്നത്.
തീവ്രവാദപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും നിയമപാലന സംവിധാനത്തിന് തടസ്സം വരുത്തുന്ന തരത്തില്‍ സാധാരണ ജനങ്ങളില്‍ ഭയം സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഫഹദ് ഷായുടെ റിപോര്‍ട്ടുകളെന്നാണ് പോലിസ് ആരോപിക്കുന്നത്. ഫെബ്രുവരി ഒന്നിന് ഫഹദ് ഷായെ പോലിസ് ചോദ്യംചെയ്യലിനായി വിളിപ്പിച്ചിരുന്നു. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന വെടിവയ്പ്പിനെക്കുറിച്ച് തെറ്റായ റിപോര്‍ട്ടിങ്ങിന്റെ പേരില്‍ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ദീര്‍ഘനേരം അദ്ദേഹത്തെ പോലിസ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച മൊഴി രേഖപ്പെടുത്താനുണ്ടെന്ന് അറിയിച്ച് സ്‌റ്റേഷനിലേക്ക് വീണ്ടും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ജനുവരിയില്‍ പുല്‍വാമയിലെ നടന്ന പോലിസ് റെയ്ഡിനെക്കുറിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ ഫഹദ് ഷായെ നേരത്തെ നാല് ദിവസം ചോദ്യം ചെയ്തിരുന്നു.
കശ്മീരി മാധ്യമപ്രവര്‍ത്തകനായ സജാദ് ഗുലിനെ അറസ്റ്റ് ചെയ്തതിനെതിരേയും എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്തുവന്നു. കശ്മീര്‍ പ്രസ് ക്ലബ് എതാനും പേര്‍ ചേര്‍ന്ന് പിടിച്ചെടുക്കാനുള്ള ശ്രമത്തെ എതിര്‍ത്തതാണ് സജാദിന്റെ അറസ്റ്റിലേക്ക് നയിച്ചത്.