ഏറ്റുമുട്ടല്‍ റിപോര്‍ട്ട് ചെയ്ത കശ്മീരി മാഗസിന്‍ എഡിറ്ററെ പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു
ശ്രീനഗറില്‍ രണ്ട് സായുധര്‍ക്ക് നേരെയുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി വീടുകള്‍ തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു.
ശ്രീനഗര്‍: ചൊവ്വാഴ്ച്ച സായുധരും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ റിപോര്‍ട്ട് ചെയ്ത കശ്മീരി മാഗസിന്‍ കശ്മീരി വാലയുടെ എഡിറ്റര്‍ ഫഹദ് ഷായെ ശ്രീനഗര്‍ സൈബര്‍ പോലിസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു.
ശ്രീനഗറില്‍ രണ്ട് സായുധര്‍ക്ക് നേരെയുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി വീടുകള്‍ തകര്‍ക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം ഫഹദ് ഷാ കശ്മീരി വാലക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടില്‍ സുരക്ഷാ സേനക്കെതിരായ പ്രദേശവാസികളുടെ പ്രതികരണവും ഉള്‍പ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലിന്റെ മറവില്‍ അഗ്‌നിക്കിരയാക്കിയ വീടുകളില്‍ നിന്നും സുരക്ഷാ സേന നിരവധി ആഭരണങ്ങളും വിലകൂടിയ വസ്തുക്കളും കൈക്കലാക്കിയതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് പോലിസ് വിളിപ്പിച്ചതെന്നാണ് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
'നാല് മണിക്കൂറായി ഞാന്‍ പോലിസ് സ്‌റ്റേഷനിലാണ്. ആദ്യ രണ്ട് മണിക്കൂറില്‍ എന്തിനാണ് തന്നെ വിളിപ്പിച്ചതെന്ന കാര്യം അവര്‍ പറയാന്‍ തയ്യാറായില്ല. പിന്നീട് എന്നെ അഞ്ച് സീനിയര്‍ പോലിസുകാരുള്ള വേറെയൊരു മുറിയിലേക്ക് വിളിപ്പിച്ചു. എന്റെ വിദ്യാഭ്യാസ, ജോലി പശ്ചാത്തലവും സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകളെക്കുറിച്ചും കശ്മീരി വാലക്ക് പുറത്തെ മറ്റു പ്രസിദ്ധീകരണങ്ങളിലെ ജോലികളെക്കുറിച്ചും അവര്‍ ചോദിച്ചറിഞ്ഞു.' ഷാ പറഞ്ഞു.
തന്റെ റിപ്പോര്‍ട്ടില്‍ വീടുകള്‍ അഗ്‌നിക്കിരയായ പ്രദേശവാസികളുടെ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു. പ്രദേശവാസികളുടെ ആരോപണങ്ങള്‍ക്ക് വ്യത്യസ്തമായ മറുപടിയാണ് പോലിസിനുള്ളതെങ്കില്‍ അതിനര്‍ഹമായ ഇടം റിപ്പോര്‍ട്ടില്‍ പ്രൊഫഷണല്‍ മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താന്‍ നല്‍കുമായിരുന്നെന്ന് ഫഹദ് ഷാ പിന്നീട് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. പോലിസ് ആവശ്യപ്പെട്ടാല്‍ വരണമെന്ന ഉപാധിയോടെ വൈകിട്ട് 6 മണിക്ക് ഷായെ വിട്ടയച്ചു.