ഹനുമാന്‍ ചാലിസ ആലപിച്ചവരെ അറസ്റ്റ് ചെയ്‌തെന്നത് കുപ്രചാരണം; ബിജെപി നേതാവ് ഫട്‌നാവിസിനെതിരേ സഞ്ജയ് റാവത്ത്
മുംബൈ: ഹനുമാന്‍ ചാലിസയുമായി ബന്ധപ്പെട്ട് ഫട്‌നാവിസ് നടത്തുന്നത് കുപ്രചാരണമാണെന്ന് മഹാരാഷ്ട്ര ശിവസേന നേതാവ് സഞ്ജയ് റാവത്ത്.
ഹനുമാന്‍ ചാലിസ ആലപിച്ചവരെ അറസ്റ്റ് ചെയ്‌തെന്ന ഫട്‌നാവിസിന്റെ പ്രചാരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
''ദേവേന്ദ്ര ഫട്‌നാവിസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഹനുമാന്‍ ചാലിസ ആലപിച്ച ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആര്‍ക്കെങ്കിലും അത് ആലപിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്കത് ക്ഷേത്രങ്ങളിലോ സ്വന്തം വീടുകളിലോ ആവാം. മറ്റൊരാളുടെ വീട്ടിലോ ആരാധനാലയങ്ങളിലോ അത് ആലപിക്കുന്നത് തെറ്റാണ്''- സഞ്ജയ് റാവത്ത് പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ഹിറ്റ്‌ലറെപ്പോലെ പെരുമാറുന്നുവെന്ന ഫട്‌നാവിസിന്റെ അഭിപ്രായത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുബൈയില്‍ ഉദ്ദവ് താക്കറെയുടെ സ്വകാര്യവസതിയില്‍ ഹനുമാന്‍ ചാലിസ ആലപിക്കുമെന്ന് ഭീഷണി മുഴക്കിയതിന് നവനീത് റാണ എംപിയ്ക്കും അവരുടെ ഭര്‍ത്താവ് രവി റാണഎംഎല്‍എക്കുമെതിരേ കേസെടുത്തിരുന്നു.
പ്രതിപക്ഷത്തെ തകര്‍ത്ത് ഇല്ലാതാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. മഹാരാഷ്ട്രയിലല്ലെങ്കില്‍ പാകിസ്ഥാനില്‍ ഹനുമാന്‍ ചാലിസ ആലപിക്കാനാവുമോ? നവനീതിനും രവി റാണയ്ക്കും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാല്‍ എല്ലാവരും ഹനുമാന്‍ ചാലിസ ചൊല്ലും. സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ ഞങ്ങള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തട്ടെ'-ഫട്‌നാവിസ് കഴിഞ്ഞ ദിവസം പറഞ്ഞു.
തങ്ങള്‍ക്കെതിരേയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി ഇന്ന് തള്ളി. അറസ്റ്റ് ചെയ്യാന്‍ എത്തിയ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചുവെന്നും ഇവര്‍ക്കെതിരേ ആരോപണമുണ്ട്. എഫ്‌ഐആറില്‍ ഇതിനുള്ള വകുപ്പും ചേര്‍ത്തിട്ടുണ്ട്.
ഞായറാഴ്ചയാണ് ഇരുവരെയും പോലിസ് അറസ്റ്റ് ചെയ്തത്. എംഎല്‍എ രവി റാണെ തലോജ ജയിലിലും എംപി നവനീത് റാണ ബൈക്കുള ജയിലിലുമാണ്.
മുംബൈയിലെ മുഖ്യമന്ത്രിയുടെ വസതിയ്ക്കു മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലാനുള്ള ശ്രമത്തിനിടയിലാണ് ഇരുവരും അറസ്റ്റിലായത്.