മുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: മുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമ്പത്തിന്റെ ആദ്യ അവകാശികള്‍ മുസ്‌ലിംകളാണെന്ന് കോണ്‍ഗ്രസിന്റെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞെന്ന വാദമാണ് മോദി ആവര്‍ത്തിച്ചത്. വിദ്വേഷ പ്രസംഗത്തിനെതിരേ പതിനായിരക്കണക്കിന് പേര്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനു പിന്നാലെയാണ് ആവര്‍ത്തിച്ചത്. രാജസ്ഥാനിലെ ടോങ്കില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിലായിരുന്നു മോദി വീണ്ടും വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്. മന്‍മോഹന്‍ സിങ് ഇക്കാര്യം പറയുമ്പോള്‍ താനും ആ യോഗത്തിലുണ്ടായിരുന്നെന്നും അദ്ദേഹം ആദ്യമായിട്ടല്ല ഇത് പറഞ്ഞതെന്നും മോദി പറഞ്ഞു. 2004ല്‍ അധികാരത്തില്‍വന്നപ്പോള്‍ തന്നെ ആന്ധ്രാപ്രദേശില്‍ എസ്‌സി-എസ് ടി, ഒബിസി സംവരണം വെട്ടിക്കുറച്ച് മുസ്‌ലിംകള്‍ക്ക് നല്‍കാനുള്ള പൈലറ്റ് പദ്ധതി തുടങ്ങിയിരുന്നു. രാജ്യത്തുടനീളം ഈ പദ്ധതി നടപ്പാക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കം. എന്നാല്‍, സൂപ്രിംകോടതി ഇടപെട്ടതുമൂലം നടന്നില്ലെന്നുമായിരുന്നു മോദിയുടെ പരാമര്‍ശം.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സ്ത്രീകളുടെ ധനവും മംഗല്യസൂത്രവും വരെ തട്ടിയെടുത്ത് സ്വന്തക്കാര്‍ക്ക് നല്‍കാനാണ് നീക്കമെന്ന പരാമര്‍ശവും മോദി ആവര്‍ത്തിച്ചു. കഴിഞ്ഞദിവസം താന്‍ സത്യം മാത്രമാണ് പറഞ്ഞത്. കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയവും പ്രീണന രാഷ്ട്രീയവും തുറന്നുകാട്ടിയതിനാണ് അവര്‍ തന്നെ അധിക്ഷേപിക്കുന്നതെന്നും മോദി പറഞ്ഞു. കോണ്‍ഗ്രസ് ഹിന്ദുക്കള്‍ക്ക് എതിരാണ്. കോണ്‍ഗ്രസ് ഭരണത്തില്‍ ഹനുമാന്‍ ചാലിസ കേള്‍ക്കുന്നത് പോലും കുറ്റകരമാണ്. കര്‍ണാടകയില്‍ ഹനുമാന്‍ ചാലിസ കേള്‍ക്കുന്നതിനിടെ കടയുടമ ആക്രമിക്കപ്പെട്ടെന്നും മോദി പറഞ്ഞു.