അരവിന്ദ് കെജ്രിവാള്‍ ഫ്രാങ്കന്‍സ്റ്റീന്‍ ചെകുത്താനെപ്പോലെ; ആം ആദ്മി പാര്‍ട്ടി ആര്‍എസ്എസ് സന്തതിയെന്നും പ്രശാന്ത് ഭൂഷണ്‍

Update: 2020-09-17 09:40 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍. അരവിന്ദ് കെജ്രിവാള്‍ ഫ്രാങ്കന്‍സ്റ്റീന്‍ ചെകുത്താനാണെന്നും എഎപി, ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും ബുദ്ധിയിലുദിച്ച ആശയമാണെന്നും പ്രശാന്ത് ഭൂഷന്‍ പറഞ്ഞു.

അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന് ആര്‍എസ്എസ് സഹായമുണ്ടെന്ന കാര്യം അരവിന്ദ് കെജ്രിവാളിന് അറിയാമായിരുന്നു, എന്നാല്‍ അന്നാ ഹസാരെക്ക് അതേ കുറിച്ച് അറിയില്ലായിരുന്നു, തനിക്ക് ചില സംശയങ്ങളുണ്ടായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ പറയുന്നു.

സംഭവിച്ചു പോയതില്‍ രണ്ട് കാര്യങ്ങളില്‍ തനിക്ക് കുറ്റബോധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം അധികാരം സ്ഥാപിക്കാനും കോണ്‍ഗ്രസ്സിനെ താഴെയിറക്കാനുമാണ് ആര്‍എസ്എസ് ബിജെപി വിഭാഗങ്ങള്‍ ആ പ്രസ്ഥാനം കെട്ടിപ്പടുത്തത്. പക്ഷേ, അത് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതാണ് ആദ്യത്തെ പശ്ചാത്താപം. അരവിന്ദ് കെജ്രവാളിന്റെ സ്വഭാവത്തെ കുറിച്ചാണ് രണ്ടാമത്തേത്. അദ്ദേഹം ഫ്രാങ്കന്‍സ്റ്റീന്‍ ചെകുത്താനെപ്പോലുള്ള ഒരാളാണെന്ന് സമയത്ത് തിരിച്ചറിയാനായില്ല.

രജ്ദീപ് സര്‍ദേശായിയുമായി നടത്തിയ അഭിമുഖത്തിലാണ് പ്രശാന്ത് ഭൂഷണ്‍ എഎപിയെ കുറിച്ചുളള തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. എഎപിയുടെയും അതിനു മുമ്പ് നടന്ന അഴിമതിക്കെതിരേയുള്ള സമരത്തിന്റെയും മുന്നണിയില്‍ നിന്നിരുന്ന ഭൂഷണ്‍, എഎപിയുടെ സ്ഥാപക അംഗം കൂടിയാണ്.

2019 ലെ തിരഞ്ഞെടുപ്പ് സമയത്തുതന്നെ അന്നാ ഹസാരെ 2014 തിരഞ്ഞെടുപ്പ കാലത്ത് ബിജെപി തന്നെ ഉപയോഗിക്കുകയായിരുന്നുവെന്ന് കുറ്റപ്പെടുത്തിയിരുന്നു.

പ്രശാന്ത് ഭൂഷന്റെ അഭിപ്രായങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശരിവച്ചു. തങ്ങള്‍ക്ക് നേതത്തെ അറിയാവുന്ന കാര്യങ്ങള്‍ പ്രശാന്ത് ഭൂഷണ്‍ ശരിവയ്ക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

2011-12 കാലത്ത് സാമൂഹ്യ പ്രവര്‍ത്തകന്‍ അന്നാ ഹസാരെ നയിച്ച അഴിമതി വിരുദ്ധ പ്രസ്ഥാനത്തിലേക്ക് പ്രശാന്ത് ഭൂഷണ്‍, കെജ്രിവാള്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ ചേരുകയായിരുന്നു. അക്കാലത്ത് അഴിമതി വിരുദ്ധ പ്രസ്ഥാനം അഖിലേന്ത്യാ ശ്രദ്ധ പിടിച്ചുപറ്റി. യുപിഎ സര്‍ക്കാരിനെതിരേ നടന്ന അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയാണ് ആം ആദ്മി പാര്‍ട്ടി ഉത്ഭവിച്ചത്. 

Tags:    

Similar News