ഡല്‍ഹി തലസ്ഥാന മേഖലാ ഭേദഗതി ബില്ല് ഡല്‍ഹിയിലെ ജനങ്ങളെ അവഹേളിക്കുന്നതെന്ന് കെജ്രിവാള്‍
ന്യൂഡല്‍ഹി: ലോക്‌സഭ പാസ്സാക്കിയ ഡല്‍ഹി തലസ്ഥാന മേഖലാ ഭേദഗതി ബില്ല് ഡല്‍ഹിയിലെ ജനങ്ങളെ അവഹേളിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്് കെജ്രിവാള്‍. ഡല്‍ഹിയില്‍ സര്‍ക്കാര്‍ എന്നാല്‍ ലഫ്റ്റ്‌നെന്റ് ഗവര്‍ണറാണെന്ന് നിര്‍വചിക്കുന്ന നിയമം എല്ലാ അര്‍ത്ഥത്തിലും ഡല്‍ഹിയിലെ ജനങ്ങളെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഡല്‍ഹി തലസ്ഥാന മേഖലാ ഭേദഗതി നിയമം, 2021 തിങ്കളാഴ്ചയാണ് പ്രതിപക്ഷ കക്ഷികളായി കോണ്‍ഗ്രസ്സിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും പ്രതിഷേധത്തിനിടയില്‍ പാസ്സാക്കിയത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും രണ്ട് പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരുപോലെ ആരോപിച്ചു.
ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിന്റെ നടത്തിപ്പിന് കേന്ദ്ര സര്‍ക്കാര്‍ നോമിനിയായ ലഫ്‌നന്റ് ഗവര്‍ണറുടെ അനുമതി ആവശ്യപ്പെടുന്നതാണ് പുതുതായി പാസ്സാക്കിയ ബില്ല്.
ഡല്‍ഹി ലഫ്റ്റ്‌നന്റ് ഗവര്‍ണറുടേയും ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കൃത്യമായി വിഭജിക്കുന്നതാണ് ബില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഢിയാണ് ദേശീയ തലസ്ഥാന മേഖലാ ഭേദഗതി ബില്ല്, 2021മായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞത്. ദേശീയ തലസ്ഥാന മേഖലാ ഭേദഗതി ആക്റ്റ് 1991 ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ബില്ല് ഡല്‍ഹി സര്‍ക്കാരിനു മുകളില്‍ കേന്ദ്ര നോമിനിയായ ലഫ്റ്റ്‌നെന്റ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നു.
സര്‍ക്കാര്‍ എന്ന വാക്കിനെ ബില്ല് നിര്‍വചിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. ഡല്‍ഹി സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമവും ലെഫ്റ്റ്‌നെന്റ് ഗവര്‍ണറുടെ അധികാരപരിധിയും എപ്പോഴും വലിയ വിവാദമാകാറുണ്ട്. ഈ വിവാദത്തില്‍ വ്യക്തത വരുത്തുന്നതിനുള്ള ശ്രമമാണെന്ന് ബില്ലവതരിപ്പിച്ച കൃഷ്ണ റെഡ്ഢി പറഞ്ഞു.
പുതിയ ബില്ലനുസരിച്ച് ഡല്‍ഹി സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമങ്ങള്‍ ലഫ്റ്റ്‌നന്റ് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. നേരത്തെ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച നിയമമനുസരിച്ച് ക്രമസമാധാനപാലനം, ഭൂമി എന്നിവയിലൊഴിച്ച് ലഫ്റ്റ്‌നെന്റ് ഗവര്‍ണറുടെ അഭിപ്രായമാരായേണ്ട ആവശ്യമില്ല.
ഈ ബില്ല് പാസ്സാക്കാതിരിക്കുവാന്‍ മോദി സര്‍ക്കാരിന്റെ കാലില്‍ വിഴാന്‍പോലും തയ്യാറാണെന്ന് കെജ്രിവാള്‍ നേരത്തെ പറഞ്ഞിരുന്നു.