ന്യൂഡല്‍ഹി: മദ്യനയകേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി കോടതി. റോസ് അവന്യു കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ആരോഗ്യപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെജ് രിവാള്‍ ജാമ്യാപേക്ഷ നല്‍കിയത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണകേസില്‍ അറസ്റ്റിലായ കെജ് രിവാള്‍ നിലവില്‍ തിഹാര്‍ ജയിലിലാണ് ഉള്ളത്.
കെജ് രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കോടതി ജൂണ്‍ 19 വരെ നീട്ടി. വിര്‍ച്വലായി കെജ് രിവാളിനെ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. കെജ് രിവാളിന്റെ മെഡിക്കല്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ച കോടതി ജൂണ്‍ ഏഴിന് അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമെന്നും അറിയിച്ചു.
ലോക്‌സഭ തിരഞ്ഞെടുപ്പിനിടെ സുപ്രിംകോടതി മെയ് 10ന് കെജ് രിവാളിന് 40 ദിവസത്തെ ജാമ്യം അനുവദിച്ചിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനായിരുന്നു ജാമ്യം. ജൂണ്‍ ഒന്ന് വരെയായിരുന്നു ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കെജ് രിവാള്‍ തീഹാര്‍ ജയിലിലെത്തി കീഴടങ്ങിയിരുന്നു. മഹാത്മഗാന്ധിയുടെ സ്മൃതി മണ്ഡപമായ രാജ്ഘട്ടില്‍ പ്രാര്‍ഥിച്ചതിന് ശേഷമായിരുന്നു ജയിലിലെത്തിയ കീഴടങ്ങല്‍. ഏപ്രില്‍ ഒന്നിനാണ് മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.