കൊവാക്‌സിനും കൊവിഷീല്‍ഡും ഉല്‍പാദിപ്പിക്കാന്‍ മറ്റു കമ്പനികളെയും അനുവദിക്കണമെന്ന് കെജ്രിവാള്‍
ന്യൂഡല്‍ഹി: ഭാരത് ബയോടെക്കും സിറം ഇന്‍സ്റ്റിറ്റ്യൂട്ടും നിര്‍മിക്കുന്ന വാക്‌സിനുകള്‍ ഉല്‍പാദിപ്പിക്കാന്‍ രാജ്യത്തെ മറ്റ് കമ്പനികളെയും അനുവദിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. കൊവിഡ് വാക്‌സിന്‍ കുത്തക പാറ്റന്റ് നിയമം ഉപയോഗിച്ച് ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രണ്ടാം കൊവിഡ് വാക്‌സിന്‍ അതീവ അപകടകരമാണ്. ഇത്തവണ രോഗം ഗ്രാമങ്ങളിലേക്ക് പടര്‍ന്നുകഴിഞ്ഞു. നിരവധി പേരാണ് മരിച്ചു കഴിഞ്ഞത്. രാജ്യത്തെ പൗരന്മാര്‍ക്ക് എത്രയും പെട്ടെന്ന് രണ്ട് ഡോസ് വാക്‌സിനുകള്‍ നല്‍കണം. അതാകട്ടെ രാജ്യത്തെ രണ്ട് കമ്പനികള്‍ മാത്രമേ ഉല്‍പാദിപ്പിക്കുന്നുള്ളൂ. രണ്ട് കമ്പനികളെ മാത്രം വച്ച് രാജ്യത്തെ മുഴുവന്‍ പൗരന്മാരെയും വാക്‌സിനേറ്റ് ചെയ്യാന്‍ കഴിയില്ല. യുദ്ധകാല അടിസ്ഥാനത്തില്‍ വാക്‌സിന്‍ ഉല്‍പാദിപ്പിക്കാന്‍ മറ്റ് കമ്പനികളെയും അനുവദിക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.
ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തി കൊവിഡ് വാക്‌സിന്‍ പൊതുനിര്‍മാണത്തിനു വിധേയമാക്കണം. കൊവിഡ് വാക്‌സിനുകളുടെ ഫോര്‍മുലകള്‍ മറ്റ് കമ്പനികള്‍ക്ക് നല്‍കണം. വേണമെങ്കില്‍ രണ്ട് കമ്പനികള്‍ക്ക് റോയല്‍ട്ടി നല്‍കാനും നിര്‍ദേശിക്കാവുന്നതാണ്. പാറ്റന്റ് നിയമം ഉപയോഗിച്ചാല്‍ കൊവിഡ് വാക്‌സിന്‍ കുത്തക ഇല്ലാതാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഐസിഎംആറിന്റെ സഹായത്തോടെയാണ് ഭാരത് ബയോട്ടെക്ക് കൊവാക്‌സിന്‍ നിര്‍മിച്ചത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന കൊവിഷീല്‍ഡാകട്ടെ ഓക്‌സിഫഡ് സര്‍വകലാശാല വികസിപ്പിച്ചതുമാണ്.