തീവ്രവാദിയോടെന്ന പോലെ കെജ് രിവാളിനോട് പെരുമാറുന്നു; ഏകാധിപത്യം എല്ലാ പരിധിയും ലംഘിച്ചു: സുനിത കെജ് രിവാള്‍

Update: 2024-06-21 13:54 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ജാമ്യം സ്‌റ്റേ ചെയ്ത ഹൈകോടതി നടപടിക്കു പിന്നാലെ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ച്, ഭാര്യ സുനിത കെജ് രിവാള്‍ രംഗത്ത്. തീവ്രവാദിയോടെന്ന പോലെയാണ് കേന്ദ്രവും അന്വേഷണ ഏജന്‍സികളും കെജ് രിവാളിനോട് പെരുമാറുന്നതെന്നും രാജ്യത്തെ ഏകാധിപത്യം എല്ലാ പരിധിയും ലംഘിക്കുകയാണെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹി റോസ് അവന്യൂ കോടതി കെജ് രിവാളിന് അനുവദിച്ച ജാമ്യം വെള്ളിയാഴ്ച രാവിലെയാണ് ഹൈകോടതി സ്‌റ്റേ ചെയ്തത്.

'വിചാരണ കോടതി ജാമ്യം അനുവദിച്ച ഉത്തരവ് അവരുടെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതിനു മുന്‍പുതന്നെ ഇഡി എതിര്‍പ്പുമായി ഹൈകോടതിയിലെത്തി. തീവ്രവാദിയോടെന്ന പോലെയാണ് കേന്ദ്രവും അന്വേഷണ ഏജന്‍സികളും കെജ് രിവാളിനോട് പെരുമാറുന്നത്. രാജ്യത്തെ ഏകാധിപത്യം എല്ലാ പരിധിയും ലംഘിക്കുകയാണ്. ഹൈകോടതിയുടെ തീരുമാനം ഇതുവരെ വന്നിട്ടില്ല, നീതി ലഭിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ' -സുനിത പറഞ്ഞു.

കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് എഎപി എംപി സഞ്ജയ് സിങ്ങും രംഗത്തെത്തി. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്നതിനു മുന്‍പ് അപ്പീലിനു പോയ ഇഡി നടപടി, മോദി സര്‍ക്കാറിന്റെ തെമ്മാടിത്തരമാണെന്ന് സഞ്ജയ് സിങ് എക്‌സില്‍ കുറിച്ചു. നീതിന്യായ സംവിധാനത്തെ പരിഹസിക്കാനുള്ള ശ്രമമാണ് മോദിയുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹരജി പരിഗണിക്കുന്നത് വരെയാണ് കെജ് രിവാളിന്റെ ജാമ്യത്തിന് കോടതി സ്‌റ്റേ ഏര്‍പ്പെടുത്തിയത്. ജസ്റ്റിസ് സുധീന്‍ കുമാര്‍ ജെയിന്‍, രവീന്ദര്‍ ദുദേജ എന്നിവരുള്‍പ്പെടുന്ന ഹൈകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. കെജ്രിവാളിനെതിരെ തെളിവില്ലെന്ന വിചാരണ കോടതിയുടെ നിരീക്ഷണം തെറ്റാണെന്ന് ഇഡി വാദിക്കുന്നു.

Tags:    

Similar News