ഐബിഎമ്മിനെ ഇനി ഇന്ത്യന്‍ വംശജനായ അരവിന്ദ് കൃഷ്ണ നയിക്കും
ഏപ്രില്‍ മുതല്‍ ഐബിഎമ്മിനെ നയിക്കുക ഇദ്ദേഹമായിരിക്കും. നിലവിലെ സിഇഒയായ ജിന്നി റോമെറ്റി കമ്പനിയിലെ ക്ലൗഡ് ബിസിനസ്സിന്റെ നിയന്ത്രണം കൈമാറാന്‍ തീരുമാനിച്ചതോടെയാണ് അരവിന്ദ് കൃഷ്ണയ്ക്കു നറുക്ക് വീണത്.
ന്യൂഡല്‍ഹി: ലോകോത്തര ഐടി കമ്പനിയായ ഐബിയെമ്മിന്റെ മേധാവിയായി ഇന്ത്യന്‍ വംശജന്‍ അരവിന്ദ് കൃഷ്ണ ചുമതലയേറ്റു. ഏപ്രില്‍ മുതല്‍ ഐബിഎമ്മിനെ നയിക്കുക ഇദ്ദേഹമായിരിക്കും. നിലവിലെ സിഇഒയായ ജിന്നി റോമെറ്റി കമ്പനിയിലെ ക്ലൗഡ് ബിസിനസ്സിന്റെ നിയന്ത്രണം കൈമാറാന്‍ തീരുമാനിച്ചതോടെയാണ് അരവിന്ദ് കൃഷ്ണയ്ക്കു നറുക്ക് വീണത്.
ഇതോടെ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്റെ സിഇഒ സത്യ നാദെല്ല, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എന്നിവര്‍ക്ക് ശേഷം യുഎസ് ആസ്ഥാനമായുള്ള ബഹുരാഷ്ട്ര കമ്പനിയുടെ തലവനാകുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി കൃഷ്ണ മാറി.
നിലവില്‍ ഐബിഎമ്മിലെ വൈസ് പ്രസിഡന്റാണ് അരവിന്ദ്. ഐബിഎം ക്ലൗഡ്, ഐബിഎം സെക്യൂരിറ്റി ആന്‍ഡ് കോഗ്‌നിറ്റീവ് ആപ്ലിക്കേഷന്‍സ് ബിസിനസ്, ഐബിഎം റിസര്‍ച്ച് എന്നിവയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഉത്തരവാദിത്വങ്ങള്‍. മുമ്പ് ഐബിഎമ്മിന്റെ സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജി ഗ്രൂപ്പിന്റെ ഡവലപ്‌മെന്റ് ആന്റ് മാനുഫാക്ചറിംഗ് ഓര്‍ഗനൈസേഷന്റെ ജനറല്‍ മാനേജരായും അരവിന്ദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനുമുമ്പ് ഐബിഎമ്മിന്റെ ഡാറ്റയുമായി ബന്ധപ്പെട്ട നിരവധി ബിസിനസുകള്‍ കൈകാര്യം ചെയ്തിരുന്നതും അരവിന്ദാണ്.
കാണ്‍പൂരിലെ ഐഐടിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ അരവിന്ദ് ഉര്‍ബാന ചാമ്പെയ്‌നിലെ ഇല്ലിനോയിസ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും സ്വന്തമാക്കിയിട്ടുണ്ട്. ഇരു സര്‍വകലാശാലകളിലും നിന്നും മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 15 പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം ഐഇഇഇ, എസിഎം എന്നീ ജേര്‍ണലുകളുടെ എഡിറ്ററും കൂടിയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവിലെ ഐബിഎം സിഇഒ ജിന്നി റോമെറ്റി ഏപ്രിലില്‍ അധികാരം കൈമാറും. 8 വര്‍ഷമായി കമ്പനിയുടെ തലപ്പത്തുള്ള ജിന്നി യുഎസിലെ ബിസിനസ്സ് മേഖലയിലെ മികച്ച വനിതകളില്‍ ഒരാളാണ്. 65 ഏറ്റെടുക്കലുകളാണ് അവരുടെ നേതൃത്വത്തില്‍ ഉണ്ടായത്. എന്നാല്‍ ജിന്നി ചുമതലയേറ്റതിന് ശേഷം കമ്പനിയുടെ ഷെയറുകളില്‍ നാലിലൊന്നും നഷ്ടപ്പെട്ടിരുന്നു.
നിലവില്‍ ആമസോണ്‍, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ എന്നിവര്‍ ആധിപത്യം പുലര്‍ത്തുന്ന ക്ലൗഡ് സേവനങ്ങളുടെ ബിസിനസ്സിലും കമ്പനി വൈകിയാണ് പ്രവേശിച്ചത്. കൃഷ്ണയുടെ കീഴില്‍ ഐബിഎം നിലവിലെ പാത തുടരുമെങ്കിലും ക്ലൗഡിലും അനലിറ്റിക്‌സിലും ചെറിയ ഏറ്റെടുക്കലുകള്‍ നടത്താനിടയുണ്ടെന്ന് നോത്രേദാം സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറും മുന്‍ ഐബിഎം കണ്‍സള്‍ട്ടന്റുമായ ടിം ഹബാര്‍ഡ് പറഞ്ഞു.