ആര്യന്‍ ഖാന്‍ പ്രതിയായ കേസ്; മഹാരാഷ്ട്ര പൊലീസിനെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ
മഹാരാഷ്ട്ര പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരിക്കുന്നത്
മുംബൈ: ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പടെ പ്രതിയായ ആഡംബര കപ്പലില്‍ ലഹരിപാര്‍ട്ടി നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മഹാരാഷ്ട്ര പൊലീസിനെതിരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. റെയ്ഡ് നടത്തിയ എന്‍സിബി ഉദ്യോഗസ്ഥര്‍ക്കെതിരെ മഹാരാഷ്ട്ര പൊലീസ് ചാരവൃത്തി നടത്തുന്നുവെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എന്‍സിബി ഉദ്യോഗസ്ഥര്‍ പരാതി നല്‍കി.
ആഡംബര കപ്പലിലെ റെയ്ഡിന് നേതൃത്വം നല്‍കിയ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേ, സീനിയര്‍ ഓഫിസര്‍ മുത്ത ജെയിന്‍ എന്നിവരാണ് പരാതി നല്‍കിയത്. മഹാരാഷ്ട്ര പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉദ്യോഗസ്ഥര്‍ ഉന്നയിച്ചിരിക്കുന്നത്. പരാതിയിന്മേല്‍ അന്വേഷണമുണ്ടാകും.
കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് ഇന്നും ജാമ്യം ലഭിച്ചില്ല. ഇത് മൂന്നാം തവണയാണ് ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളുന്നത്. ആര്യന്റെ പക്കലില്‍ നിന്ന് ലഹരി മരുന്ന് പിടിച്ചെടുത്തിട്ടില്ലെന്നാണ് അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ആര്യന്‍ ഖാന്‍ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി എന്‍സിബി ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കുകയായിരുന്നു. ഹരജി അടുത്ത ദിവസം വീണ്ടും പരിഗണിക്കും.