കൊവിഡ് പ്രതിസന്ധിയ്ക്കുള്ള കേന്ദ്ര പാക്കേജ് മല എലിയെ പ്രസവിച്ച പോലെ; തട്ടിപ്പുവിദ്യയിലൂടെ സമ്പദ്ഘടനയെ രക്ഷിക്കാനാവില്ലെന്ന് മുന്‍ധനമന്ത്രി
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യം അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ധനകാര്യകുപ്പ് ഇന്ന് നല്‍കിയ പ്രതിമരുന്ന് വെറും തട്ടിപ്പ് വിദ്യയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഫേസ് ബുക്കിലെഴിതിയ കുറിപ്പിലാണ് ഐസക് കേന്ദ്ര സര്‍ക്കാരിനെതിരേ രംഗത്തുവന്നത് .
കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുകയാണെന്നും അതുവഴി വിലക്കയറ്റത്തിനു കടിഞ്ഞാണിടാമെന്നും ഐസക് അഭിപ്രാപ്പെട്ടു. എന്നാല്‍ ഈ പ്രതിസന്ധികാലത്തും ലക്ഷക്കണക്കിനു കോടി രൂപയുടെ കൊള്ളയടി തുടരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമെന്നും ഐസക് പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണരൂപം
രണ്ടാം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് മല എലിയെ പ്രസവിച്ചപോലെയായി. രണ്ടാം വ്യാപനം നാട്ടിലെ സാധാരണക്കാരെ ഒന്നാം വ്യാപനത്തേക്കാള്‍ തീക്ഷണമായിട്ടാണ് ബാധിച്ചതെന്ന് ഏവരും അംഗീകരിക്കും. ഒന്നാം വ്യാപനകാലത്ത് എല്ലാവരുടെയും കൈയ്യില്‍ കുറച്ചെങ്കിലും സമ്പാദ്യമുണ്ടായിരുന്നു. എന്നാല്‍ ഒന്നാം വ്യാപനത്തിനുശേഷം എല്ലാവരുടെ പോക്കറ്റും കാലിയാണ്. വിലക്കയറ്റമാകട്ടെ റെക്കോര്‍ഡ് ഇട്ടുകൊണ്ടിരിക്കുകയാണ്. ഈയൊരുസാഹചര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട നടപടി ജനങ്ങള്‍ക്കു സമാശ്വാസം നല്‍കലാണ്. അവരുടെ കൈയില്‍ പണം എത്തിക്കലാണ്.
മുന്‍പു പ്രഖ്യാപിച്ച അഞ്ചുകിലോ സൗജന്യധാന്യം വരും മാസങ്ങളിലും തുടരുമെന്നത് സമാശ്വാസമാണ്. പക്ഷെ അരി മാത്രം പോരല്ലോ. മറ്റ് അവശ്യസാധനങ്ങള്‍ കേരളത്തിലെപ്പോലെ കിറ്റായി നല്‍കുക. അല്ലെങ്കില്‍ സാധാരണക്കാര്‍ക്കു കാശ് നേരിട്ടു നല്‍കുക. 6000 രൂപയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനൊന്നും കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ല.
ഞാന്‍ പറയുക, ഏറ്റവും ചുരുങ്ങിയത് കഴിഞ്ഞ വര്‍ഷത്തെ തൊഴിലുറപ്പിന്റെ കൂലി ഈ വര്‍ഷം അഡ്വാന്‍സായി കൊടുക്കുക. അടുത്തൊരു അഞ്ചു വര്‍ഷത്തെ കൂലിയില്‍ നിന്ന് കുറേശ്ശെ വേണമെങ്കില്‍ തിരിച്ചു പിടിക്കട്ടെ. എന്നാലും ഇപ്പോള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പാവങ്ങളുടെ കൈയ്യില്‍ പണം എത്തുമല്ലോ. അങ്ങനെയൊരു കരുണ കേന്ദ്രസര്‍ക്കാരിനില്ല. എന്തിന് തൊഴിലുറപ്പിന്റെ അടങ്കല്‍ വര്‍ദ്ധിപ്പിക്കാന്‍പോലും തയ്യാറായിട്ടില്ല.
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പാ സഹായമാണ് ഈ പാക്കേജിലെ പ്രധാന ഇനം. ഇതുമുഴുവന്‍ ബാങ്കു വഴിയുള്ള വായ്പയാണ്. ആരോഗ്യ മേഖലയിലാണെങ്കില്‍ വായ്പയുടെ പലിശ 7.95 ഉം മറ്റു മേഖലകളില്‍ 8.25 ഉം ആണ്. 1.1 ലക്ഷം കോടി രൂപയുടെ വായ്പയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ടാകും. ഗ്യാരണ്ടിയുടെ ശതമാനം എത്രയെന്നു വ്യക്തമല്ല. 50 ശതമാനമാണ് ഇപ്രകാരമുള്ള വായ്പയ്ക്കു പണ്ട് ഉണ്ടായിരുന്നത്. ടൂറിസം സെക്ടറില്‍ സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വീതവും ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് ഒരുലക്ഷം രൂപ വീതമുള്ള ധനസഹായവും വായ്പയാണ്. ചെറുകിട സംരംഭങ്ങള്‍ക്ക് 1.25 ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ കിട്ടും. ഇതും നന്ന്. പക്ഷെ പലിശ സബ്‌സിഡികൂടി വേണം.
പക്ഷെ, ചെറുകിട-ഇടത്തരം വ്യവസായങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം കൊവിഡ് തുടങ്ങുമ്പോള്‍ തിരിച്ചടവ് കുടിശികയായവരുടെ കാര്യമാണ്. അവര്‍ക്കുള്ള പദ്ധതിയൊന്നും എങ്ങുമെത്തിയിട്ടില്ല. ലക്ഷക്കണക്കിനു വരുന്ന ഈ സ്ഥാപനങ്ങള്‍ എന്നന്നേയ്ക്കുമായി അടഞ്ഞുപോകുന്ന ദുര്‍വിധിയാണുള്ളത്. കൊവിഡു കാലത്ത് മൊറട്ടോറിയം നീട്ടിനല്‍കുകയാണു വേണ്ടത്. പുതിയ വായ്പ കിട്ടിയിട്ട് എന്തുകാര്യം? ലോക്ഡൗണ്‍ കാലത്ത് ഇടപാടുകളൊക്കെ നിശ്ചലമായിരിക്കുമ്പോള്‍ എങ്ങനെയാണു പണം തിരിച്ചടയ്ക്കുക?
കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുകയാണ്. അതുവഴി വിലക്കയറ്റത്തിനു കടിഞ്ഞാണിടാം. എന്നാല്‍ ഈ പ്രതിസന്ധികാലത്തും ലക്ഷക്കണക്കിനു കോടി രൂപയുടെ കൊള്ളയടി തുടരാനാണു തീരുമാനം. എന്നിട്ടു ബാങ്കുവഴി വായ്പ നല്‍കുക. അതിനു പലിശ ചെലവുപോലും സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നും ഇല്ല. ഇത്തരം തട്ടിപ്പുവിദ്യകളിലൂടെ സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കാനാവില്ല.