അസം കുടിയൊഴിപ്പിക്കല്‍: സംഘര്‍ഷത്തിനു ശ്രമിച്ചെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തു
ഗുവാഹത്തി: അസമില്‍ കുടിയൊഴിപ്പിക്കുന്നതിനിടയില്‍ സംഘര്‍ഷം സൃഷ്ടിച്ചെന്നാരോപിച്ച് രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. 37 വയസ്സുള്ള അസ്മത് അലി അഹ്മദ്, 47 വയസ്സുള്ള ഛന്ദ് മാമുദ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ധോല്‍പൂര്‍ 3 ഗ്രാമത്തില്‍ താമസിക്കുന്നവരാണ് ഇരുവരും.
ഐപിസിയുടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് ജില്ലാ പോലിസ് സൂപ്രണ്ട് ബിശ്വാസ് ശര്‍മ പറഞ്ഞു. ഇവര്‍ക്കെതിരേ വധശ്രമവും ഗൂഢാലോചനയും ചുമത്തിയിട്ടുണ്ട്.
ഇവരാണ് പ്രദേശത്ത് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് കണ്ടെത്തിയാതായി പോലിസ് അവകാശപ്പെട്ടു.
ദറാങ് ജില്ലയില്‍ സിപജ്ഹര്‍ പ്രദേശത്താണ് പോലിസും മറ്റ് ഏജന്‍സികളും ചേര്‍ന്ന് 800ഓളം കുടുംബങ്ങളെ സപ്തംബര്‍ 23ന് കുടിയൊഴിപ്പിച്ചത്. കുടിയൊഴിപ്പിക്കലില്‍ പ്രതിഷേധിച്ച രണ്ട് പേരെ പോലിസ് വെടിവച്ചുകൊല്ലുകയും ചെയ്തു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘര്‍ഷങ്ങളില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് പങ്കുണ്ടെന്നാണ് മുഖ്യമന്ത്രി ഹിമാന്ദ് ബിശ്വാസം ശര്‍മയുടെ ആരോപണം.
പ്രതിഷേധിച്ചവരെ പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചുകൊല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പോലിസുകാര്‍ക്കെതിരേ വടിയുമായി ഓടിയടുത്ത ഒരാളെ പോലിസ് നെഞ്ചില്‍ വെടിവച്ച് കൊലപ്പുടത്തുന്നതും ഒരു മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു വീണയാളെ ചവിട്ടുന്നതുമായ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.