അസം പ്രളയം ; 52 മരണം, ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടമായി; 24ലക്ഷം ജനങ്ങള്‍ പ്രളയദുരിതത്തില്‍
ദിസ്പൂര്‍: കനത്ത മഴയെതുടര്‍ന്ന് അസമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 52 മരണം. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നഷ്ടമായി. 24ലക്ഷം ജനങ്ങള്‍ പ്രളയദുരിതത്തിലാണ്.സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കര കവിഞ്ഞൊഴുകിയതോടെ സംസ്ഥാനത്തെ 35ല്‍ 30 ജില്ലകളിലും വെള്ളപ്പൊക്കം തുടരുകയാണ്. കാശിരംഗ ദേശീയോദ്യാനത്തിന്റെ 70 ശതമാനവും വെള്ളത്തില്‍ മുങ്ങി. 3 കാണ്ടാമൃഗങ്ങളും 62 മാനുകളും അടക്കം ദേശീയോദ്യാനത്തില്‍ സംരക്ഷിച്ചിരുന്ന 77 മൃഗങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായാണ് റിപോര്‍ട്ട്.
സംസ്ഥാനത്തെ 63,000 ഹെക്റ്ററില്‍ അധികം വരുന്ന കൃഷിഭൂമി പൂര്‍ണമായും വെള്ളത്തിനടിയിലായി. ധുബ്രി, ദാരാങ്ക്, കച്ചര്‍, ബര്‍പേത, മോറിഗാവ് തുടങ്ങിയ ജില്ലകളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര,, ബരാക് നദി അടക്കമുള്ള നദികളും കൈവഴികളും അപകടനിലയേക്കാള്‍ ഉയര്‍ന്ന ജല നിരപ്പിലാണ് ഒഴുകുന്നത്.