ആരോഗ്യപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം; കേസായപ്പോള്‍ ഖേദപ്രകടനവുമായി പഞ്ചായത്ത് പ്രസിഡന്റ്

Update: 2021-07-25 18:09 GMT

ആലപ്പുഴ: കൈനകരിയില്‍ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരെ ഉണ്ടായ കയ്യേറ്റത്തില്‍ ഖേദം പ്രകടിപ്പിച്ച് പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്. പൊതുജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രയാസമുണ്ടായെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നുമാണ് സിപിഎം നേതാവു കൂടിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ ഖേദപ്രകടനം. അതേസമയം ആരോഗ്യ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഎം നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡോക്ടറുടെ പരാതിയില്‍ കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം സി പ്രസാദ്, സിപിഎം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, വിശാഖ് വിജയ് എന്നിവര്‍ക്കെതിരെയാണ് നെടുമുടി പൊലീസ് കേസെടുത്തത്.


കൊവിഡ് വാക്‌സിന്‍ വിതരണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് കൈനകരി കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ ശരത് ചന്ദ്ര ബോസ് ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റത്. പാലിയേറ്റീവ് രോഗികള്‍ക്കായി റിസര്‍വ് ചെയ്ത വാക്‌സിന്‍ കൂടി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യപ്രവര്‍ത്തകരെ 3 മണിക്കൂറോളം തടഞ്ഞുവച്ചത്. ക്രമവിരുദ്ധമായ നടപടി എതിര്‍ത്തതോടെ ക്രൂരമര്‍ദ്ദനമേറ്റന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.ശരത് ചന്ദ്ര ബോസ് പറഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ആരോഗ്യപ്രവര്‍ത്തകയുടെ ഭര്‍ത്താവിനും മര്‍ദനമേറ്റു. പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും മര്‍ദ്ദിച്ചിട്ടില്ല എന്നുമായിരുന്നു ആദ്യം എം സി പ്രസാദ് പറഞ്ഞത്.




Tags:    

Similar News