നിയമസഭാ തിരഞ്ഞെടുപ്പ് 2022: വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ പ്രകടനമെങ്ങനെ?
ന്യൂഡല്‍ഹി: ഫെബ്രുവരി ആദ്യ വാരം തുടങ്ങി മാര്‍ച്ച് അവസാനവാരം വരെ അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ നേട്ടമാണ് ഉണ്ടാക്കിയത്. പഞ്ചാബില്‍ മാത്രമാണ് അവര്‍ക്ക് നേട്ടമില്ലാതായി പോയത്. പക്ഷേ, അവിടെയും വോട്ട് വിഹിതം വര്‍ധിച്ചിട്ടുണ്ട്.
യുപിയെ സംബന്ധിച്ചിടത്തോളം 37 വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് ഒരു പാര്‍ട്ടി തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തുന്നത്. അഞ്ച് വര്‍ഷം പൂര്‍ത്തിയായി ഒരു മുഖ്യമന്ത്രി രണ്ടാമതും തിരഞ്ഞെടുക്കപ്പെടുന്നതും ഇതാദ്യമായാണ്.
ബിജെപിക്ക് വോട്ട് വിഹിതത്തിലും നേട്ടമുണ്ടായി. 44.6 ശതമാനം വോട്ടാണ് ഇത്തവണ ബിജെപി യുപിയില്‍ നിന്ന് നേടിയത്. 2017നെ അപേക്ഷിച്ച് 5ശതമാനത്തിന്റെ വര്‍ധന. 2017ല്‍ 39 ശതമാനമായിരുന്നു വോട്ട് വിഹിതം. 2019 ലോക് സഭാ തിരഞ്ഞെടുപ്പില്‍ നേടിയത് 42.8 ശതമാനം വോട്ടാണ്. ഈ വര്‍ഷം രണ്ട് ശതമാനം അധികവോട്ട് നേടി.
ആകെയുള്ള 403 സീറ്റില്‍ 247 സീറ്റുകള്‍ ബിജെപി മുന്നിലുണ്ട്. എസ് പിക്ക് 120 സീറ്റോടെ രണ്ടാമതെത്താനേ ആയുള്ളൂ.
ഉത്തരാഖണ്ഡില്‍ ബിജെപി രണ്ടാം തവണയും അധികാരത്തിലെത്തുന്നതോടെ സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ രണ്ടാം തവണയും അധികാരത്തിലെത്തുന്ന ആദ്യ പാര്‍ട്ടിയായി മാറി. ബിജെപി അവരുടെ വോട്ട് വിഹിതവും വലിയ പരിക്കില്ലാതെ നിലനിര്‍ത്തി.
കോണ്‍ഗ്രസ് നേതാവ് ഹരിഷ് റാവത്തിനുപോലും രക്ഷയുണ്ടായില്ല. 70ല്‍ 44 സീറ്റിലാണ് ബിജെപി മുന്നില്‍ നില്‍ക്കുന്നത്. 44.35 ശതമാനം വോട്ട് വിഹിതമാണ് ഇതുവരെ നേടിയത്.
ഗോവയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി അധികാരത്തിലുണ്ടായിരുന്നിട്ടും ബിജെപി അവരുടെ സ്വാധീനം മെച്ചപ്പെടുത്തി. 2017ല്‍ രണ്ടാമത്തെ വലിയ പാര്‍ട്ടിയായിരുന്നെങ്കില്‍ ഏറ്റവും വലിയ പാര്‍ട്ടിയായി മാറി. ഗോവയില്‍ അധികാരത്തിലെത്താനും സാധ്യത കല്‍പ്പിക്കുന്നുണ്ട്.
വോട്ട് വിഹിതം 44.36 ശതമാനമാണ്. 2017ല്‍ അത് 32.5 ശതമാനമായിരുന്നു.
മണിപ്പൂരില്‍ ഭരണവിരുദ്ധവികാരം എതിരായി പ്രവര്‍ത്തിച്ചിട്ടും ബിജെപി പിടിച്ചുനിന്നു. 2017 രണ്ടാമത്തെ വലിയ കക്ഷിയായിരുന്നത് ഇപ്പോള്‍ ഏറ്റവും വലിയ കക്ഷിയായി. അവര്‍ക്ക് സ്വന്തമായി അധികാരത്തിലെത്താവുന്നിടത്തോളം സീറ്റുകള്‍ നേടിയേക്കും.
വോട്ട് ഷയര്‍ 2017നെ അപേക്ഷിച്ച് വര്‍ധിച്ചു. 36.3 ശതമാനമായിരുന്നത് 37.54 ശതമാനമായി.
പഞ്ചാബില്‍ ഇത്തവണ ബിജെപി അവരുടെ സ്വാധീനം വര്‍ധിപ്പിച്ചു. 2017ല്‍ മൂന്ന് സീറ്റാണ് ഉണ്ടായിരുന്നത് ഇത്തവണ അത് 5 സീറ്റായി വര്‍ധിപ്പിച്ചു. വോട്ട് ഷെയറിലും വര്‍ധനയുണ്ടായി. 6.56 ശതമാനമാണ് ഇത്തവണ ലഭിച്ചത്.