കണ്ണൂര്‍ മുഹ് യദ്ദീന്‍ ജുമാ മസ്ജിദിലെ അതിക്രമം; പോലിസ് അന്വേഷണം കാര്യക്ഷമമാക്കണം: എസ്ഡിപിഐ
കണ്ണൂര്‍: കണ്ണൂര്‍ ടൗണിലെ മുഹ് യദ്ദീന്‍ ജുമാ മസ്ജിദില്‍ ചാണകം കൊണ്ടിട്ട് മലിനമാക്കിയ സംഭവം വിശ്വാസി സമൂഹത്തിന് ആശങ്കയുണ്ടാക്കുന്നതാണെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്. ജുമുഅ ദിവസമായതിനാല്‍ നമസ്‌കാരം കഴിഞ്ഞ് വിശ്വാസികള്‍ ആരും പള്ളിയില്‍ ഇല്ലെന്ന് ഉറപ്പ് വരുത്തിയാണ് അക്രമം നടത്തിയതെന്നാണ് സംശയം.
നഗരഹൃദയത്തിലെ ആരാധനാലയത്തിലാണ് അതിക്രമം കാട്ടിയത് എന്നത് ഏറെ ഗൗരവത്തോടെ കാണണം. ജില്ലാ പോലിസ് ചീഫിന്റെ മേല്‍നോട്ടത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. ഇമാമിന്റെ പ്രസംഗപീഠത്തിനടുത്ത് കാര്‍പറ്റിലാണ് ചാണകം കൊണ്ടിട്ടത്. വിശ്വാസികള്‍ അംഗശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന ഹൗളും മലിനമാക്കിയിട്ടുണ്ട്. പോലിസ് മുന്‍വിധിയില്ലാതെ അന്വേഷണം നടത്തി യഥാര്‍ത്ഥ പ്രതികളെ പുറത്തുകൊണ്ടുവരണം. മതവിശ്വാസികളെ തമ്മിലടിപ്പിക്കുകയെന്ന ഗൂഢലക്ഷ്യം ഇതിനു പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. എല്ലാവിധത്തിലും അന്വേഷണം നടത്താന്‍ പോലിസ് തയ്യാറാവണം. ശാസ്്ത്രീയ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തി വിശ്വാസികളുടെ ആശങ്കയകറ്റണം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും കേള്‍ക്കുന്ന രീതിയിലുള്ള അക്രമരീതിയാണിത് എന്നതിനാല്‍ പോലിസ് ഏറെ ഗൗരവത്തോടെ കാണണം. വിശ്വാസികള്‍ സംയമനത്തോടെ കാര്യങ്ങളെ സമീപിക്കണം. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ബഷീര്‍ കണ്ണാടിപ്പറമ്പ് ആവശ്യപ്പെട്ടു.
സാമൂഹിക വിരുദ്ധര്‍ ചാണകം കൊണ്ടിട്ട് മലിനമാക്കിയ ടൗണ്‍ മുഹ് യദ്ദീന്‍ ജുമാ മസ്ജിദ് എസ്ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, എസ്ഡിപി ഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, ജില്ലാ സെക്രട്ടറി ബി ശംസുദ്ദീന്‍ മൗലവി, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് പി സി ഷഫീഖ്, മണ്ഡലം സെക്രട്ടറി ഇഖ്ബാല്‍, സി എച്ച് ഫാറൂഖ് തുടങ്ങിയവര്‍ സന്ദര്‍ശിക്കുകയും പള്ളി ജീവനക്കാരുമായി സംസാരിക്കുകയും ചെയ്തു.