നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവം; കേസില്‍ വഴിത്തിരിവായത് പ്രതി പോറോട്ട കഴിച്ചത്
യുപിഐ ഇടപാട് നടത്തിയതായി ബന്ധപ്പെട്ട അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്.

ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഷരീഫുല്‍ ഇസ് ലാം ഷഹ്‌സാദിനെ മുംബൈ പോലിസിന് അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത് പ്രതി പോറോട്ട കഴിച്ചത്. വോര്‍ളിയിലെ സെഞ്ച്വറി മില്ലിന് സമീപമുള്ള ഒരു സ്റ്റാളില്‍ വെച്ച് ഒരു പോറോട്ടക്കും കുപ്പി വെള്ളത്തിനും വേണ്ടി ഇയാള്‍ ഗൂഗിള്‍ പേ ചെയ്തിരുന്നു. യുപിഐ ഇടപാട് നടത്തിയതായി ബന്ധപ്പെട്ട ഈ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്.
യുപിഐ പേയ്മെന്റ് പ്രതിയുടെ മൊബൈല്‍ നമ്പറിലേക്ക് പോലിസിനെ നയിച്ചു, തുടര്‍ന്ന് താനെയില്‍ നിന്ന് കൂടുതല്‍ സൂചനകള്‍ ലഭിക്കുകയായിരുന്നു. ലേബര്‍ ക്യാമ്പിന് സമീപമുള്ള കണ്ടല്‍ക്കാടുകളിലേക്ക് അന്വേഷണം നീണ്ടു. നൂറോളം പോലീസുകാര്‍ സ്ഥലത്ത് തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍ പ്രതിയെ കണ്ടെത്താനാവാതെ വന്നതോടെ തിരച്ചില്‍ നിര്‍ത്താന്‍ താരുമാനിക്കുകയായിരുന്നു. പിന്നീട് അവസാനമായി ഒരിക്കല്‍ കൂടി തിരച്ചില്‍ നടത്താമെന്ന് ചിന്തിച്ച് ഒന്നു കൂടി തിരഞ്ഞപ്പോള്‍ ഒരാള്‍ താഴെ കിടക്കുന്നതായി കണ്ടെന്ന് പോലിസ് പറയുന്നു. പോലിസ് അടുത്തെത്തിയതും ഇയാള്‍ ഓടി. എന്നാല്‍ താമസിയാതെ ഇയാളെ പിടികൂടുകയായിരുന്നു.
പ്രാഥമിക ചോദ്യം ചെയ്യലില്‍, തന്റെ ചിത്രങ്ങള്‍ ടിവിയിലും യൂട്യൂബിലും കണ്ടപ്പോള്‍ താന്‍ ഭയന്ന് താനെയിലേക്ക് ഓടിപ്പോയെന്നും പ്രതി പറഞ്ഞു. സംഭവത്തിന് ശേഷം ജനുവരി 16 ന് രാവിലെ 7 മണി വരെ ബാന്ദ്ര വെസ്റ്റിലെ പട്വര്‍ദ്ധന്‍ ഗാര്‍ഡനിനടുത്തുള്ള ഒരു ബസ് സ്റ്റോപ്പില്‍ കിടന്നുറങ്ങിയ ഇയാള്‍ പിന്നീട് ട്രെയിനില്‍ കയറി സെന്‍ട്രല്‍ മുംബൈയിലെ വോര്‍ളിയില്‍ എത്തുകയായിരുന്നു.