ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് കുത്തേറ്റു; വീട്ടില്‍ കയറിയ മോഷ്ടാവാണ് കുത്തിയത്

Update: 2025-01-16 03:09 GMT

മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീട്ടില്‍ കയറി മോഷണത്തിന് ശ്രമിച്ചയാളാണ് കുത്തിയത്.വ്യാഴാഴ്ച്ച പുലര്‍ച്ചെ 2.30ന് മഹാരാഷ്ട്രയിലെ ബാന്ദ്രയിലെ വസതിയിലാണ് സംഭവം. സെയ്ഫ് അലി ഖാനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പിടിക്കാന്‍ സാധിച്ചില്ലെന്നും ഇയാള്‍ ഓടിരക്ഷപ്പെട്ടെന്നും പോലിസ് അറിയിച്ചു. ഇയാളെ പിടികൂടാന്‍ പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റു തെളിവുകളും പരിശോധിച്ചുവരുകയാണ്.

സംഭവ സമയത്ത് സെയ്ഫ് അലി ഖാനും ഭാര്യ കരീന കപൂറും മക്കളായ തൈമൂറും ജെഹ്‌യും ഉറങ്ങിക്കിടക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വീട്ടില്‍ മോഷ്ടാവ് കയറിയ ശബ്ദം കേട്ടാണ് സെയ്ഫ് അലിഖാന്‍ ഉണര്‍ന്നത്. ഇയാളെ പിടികൂടാന്‍ സെയ്ഫ് അലിഖാന്‍ ശ്രമിച്ചു. ഇരുവരും തമ്മില്‍ പിടിവലിയും നടന്നു. ഇതിനിടെയാണ് അക്രമി സെയ്ഫ് അലിഖാനെ കുത്തിയത്. ആറു കുത്തുകളാണ് ഏറ്റിരിക്കുന്നത്. നിലവില്‍ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു കുത്ത് നട്ടെല്ലിന് സമീപത്താണ് ഏറ്റിരിക്കുന്നത്.


Tags:    

Similar News