മതവികാരം വൃണപ്പെടുത്തുന്നു: സെയ്ഫ് അലിഖാന്റെ വെബ്‌സീരീസ് താണ്ഡവത്തിനെതിരേ ബിജെപിയുടെ പരാതി
മുംബൈ: സെയ്ഫ് അലിഖാന്റെ താണ്ഡവ് എന്ന പേരിലുളള വെബ് സീരീസിനെതിരേ രണ്ട് ബിജെപി നേതാക്കള്‍ പരാതി നല്‍കി. വെബ് സീരീസ് ഹിന്ദുക്കളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നുവെന്നാണ് പരാതി
ബിജെപി നേതാവായ രാം കദമാണ് ഒരു പരാതിക്കാരന്‍. മുംബൈ ഖട്ട്‌കോപ്പര്‍ പോലിസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. സീരീസ് തന്റെ മതവികാരത്തെ വൃണപ്പെടുത്തിയെന്നും അസഹനീയമാണെന്നും അദ്ദേഹം പറയുന്നു.
ഇതുസംബന്ധിച്ച് ഒരു കത്ത് രാം കദം കേന്ദ്ര മന്ത്രി പ്രകാശ് ജവദേക്കര്‍ക്ക് അയച്ചിട്ടുണ്ട്. എല്ലാ ഒടിടി പ്ലാറ്റ്‌ഫോമുകളും സെന്‍സര്‍ ചെയ്യാന്‍ സംവിധാനമുണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
ശിവന്റെ ത്രിശൂലും ദമരുവും അസഹനീയമായ രീതിയില്‍ ഉപയോഗിക്കുന്നുവെന്നാണ് പരാതിക്കാരന്‍ പറയുന്നത്. അത് ഹിന്ദുക്കളുടെ വികാരങ്ങളെ വൃണപ്പെടുത്തുന്നു.
അഭിനേതാവിനും സംവിധായകനും നിര്‍മാതാവിനും എതിരേ ശക്തമായ നടപടിയെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
ബിജെപി നേതാവായ മനോജ് കൊടാക്കാണ് അടുത്ത പരാതിക്കാരന്‍. അദ്ദേഹവും പ്രകാശ് ജവാദേക്കര്‍ക്ക് കത്തയച്ചിട്ടുണ്ട്.
താണ്ഡവില്‍ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുന്നതായും ഹിന്ദുവിന്റെ വികാരങ്ങളെ വൃണപ്പെടുത്തുന്നതായും അദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നു.
ജനുവരി 4ന് ആമസോണ്‍ പ്രൈം വീഡിയോയാണ് താണ്ഡവിന്റെ ട്രയിലര്‍ പുറത്തുവിട്ടത്.