പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസില്‍ 18ാം സാക്ഷിയും കൂറുമാറി. വനംവകുപ്പ് വാച്ചറായ കാളി മൂപ്പനാണ് കൂറുമാറിയത്. ഇതോടെ കേസില്‍ മൊഴിമാറ്റിയ സാക്ഷികളുടെ എണ്ണം എട്ടായി. മൊഴിമാറ്റിയ രണ്ട് വനംവകുപ്പ് വാച്ചര്‍മാരെ നേരത്തെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസില്‍ 122 സാക്ഷികളാണ് ആകെയുള്ളത്. രഹസ്യമൊഴി നല്‍കിയ 10 മുതല്‍ 17 വരെയുള്ള സാക്ഷികളില്‍ 13ാം സാക്ഷി സുരേഷ് മാത്രമാണ് മൊഴിയില്‍ ഉറച്ചുനിന്നത്.
എഴുപേര്‍ രഹസ്യമൊഴി വിചാരണയ്ക്കിടെ തിരുത്തിയിരുന്നു. പ്രോസിക്യൂഷന്‍ സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം പ്രതിസന്ധിയാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പ്രതികരിച്ചു. മൊഴിമാറ്റം തടയാന്‍ വിറ്റ്‌നസ് പ്രൊട്ടക്ഷന്‍ സ്‌കീം നടപ്പാക്കണം.പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയതിനാല്‍, പ്രോസിക്യൂഷന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരമുണ്ടായി. ഇതും തിരിച്ചടിയായി. സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്റെ കുടുംബവും ആരോപിച്ചിരുന്നു.