അട്ടപ്പാടി മധു വധക്കേസ്: രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി; ഒരാള്‍ മൊഴിയില്‍ ഉറച്ചുനിന്നു
പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ രണ്ട് സാക്ഷികള്‍കൂടി കൂറുമാറി. മണ്ണാര്‍ക്കാട് പട്ടികജാതി-വര്‍ഗ പ്രത്യേക കോടതിയിലെ വിസ്താരത്തിനിടെയാണ് 22ാം സാക്ഷി മുരുകന്‍, 24ാം സാക്ഷി മരുതന്‍ എന്നിവരാണ് കൂറുമാറിയത്. മുമ്പ് പോലിസിനോട് പറഞ്ഞ കാര്യങ്ങളെല്ലാം ഇവര്‍ മാറ്റിപ്പറഞ്ഞു. മധുവിനെ കണ്ടില്ല, ഒന്നും അറിയില്ല എന്നാണ് ഇവര്‍ പ്രോസിക്യൂഷന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇന്നലെ വിചാരണയ്ക്ക് ഹാജരാവാതിരുന്ന മുരുകന്‍ ഇന്ന് വിസ്താരത്തിനിടെ കൂറുമാറുകയായിരുന്നു. ഹാജരാവാതിരുന്നതിന് മുരുകന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം 13 ആയി.
അതേസമയം, 23ാം സാക്ഷി ഗോകുല്‍ പോലിസിന് നല്‍കിയ മൊഴിയില്‍ ഉറച്ചുനിന്നു. മധുവിനെ മലയില്‍ നിന്ന് ഇറക്കിക്കൊണ്ടുവരുന്നത് കണ്ടു, മധുവിനെ മര്‍ദ്ദിക്കുന്നത് കണ്ടു തുടങ്ങിയ കാര്യങ്ങളാണ് ഗോകുല്‍ പോലിസിന് മൊഴി നല്‍കിയിരുന്നത്. കേസില്‍ ഇതുവരെ വിസ്തരിച്ചതില്‍ മൊഴി മാറ്റാതിരിക്കുന്ന രണ്ടാമത്തെ മാത്രം സാക്ഷിയാണ് ഗോകുല്‍. ഇന്ന് ആകെ മൂന്നുപേരെയാണ് വിസ്തരിച്ചത്. നാളെ 25ാം സാക്ഷി ജയന്‍, 26ാം സാക്ഷി രാജന്‍ എന്നിവരെ വിസ്തരിക്കും. വരും ദിവസങ്ങളില്‍ നാലോ അഞ്ചോ സാക്ഷികളെ ഒരു ദിവസം വിസ്തരിക്കും. ഒരു മാസത്തിനുള്ളില്‍ സാക്ഷി വിസ്താരം തീര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ട്.
സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നതിനാല്‍ പ്രോസിക്യൂഷന്‍ ആശങ്കയിലാണ്. രഹസ്യമൊഴി നല്‍കിയ ഏഴുപേര്‍ കോടതിയില്‍ മൊഴി മാറ്റിയിരുന്നു. അതിന് ശേഷം വിസ്തരിച്ച രണ്ടുപേരും പോലിസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തി. 16 പ്രതികള്‍ക്കും ജാമ്യം കിട്ടിയതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അവസരം കിട്ടിയെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. കേസിന്റെ വിചാരണ വേഗത്തിലാക്കുമെന്ന് വിചാരണ കോടതി ഇന്നലെ പറഞ്ഞിരുന്നു. ഹൈക്കോടതി നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് വിചാരണ വേഗത്തിലാക്കുമെന്ന് മണ്ണാര്‍ക്കാട്ടെ വിചാരണ കോടതി വ്യക്തമാക്കിയത്.