അട്ടപ്പാടി ശിശുമരണ വിവാദത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ല: മന്ത്രി രാധാകൃഷ്ണന്‍

ചില ഊരുകളിലേക്ക് ഗതാഗത സൗകര്യ പ്രശ്‌നമുണ്ട്

Update: 2022-07-14 10:15 GMT

പാലക്കാട്: അട്ടപ്പാടി ശിശുമരണ വിവാദത്തില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് മന്ത്രി രാധാകൃഷ്ണന്‍. ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. ഈ പ്രദേശത്ത് റോഡ് നിര്‍മ്മിക്കല്‍ പ്രയാസമായിരുന്നു. തൂക്കുപാലം നിര്‍മ്മിച്ചു നല്‍കി. പ്രതിപക്ഷം സഭയെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. പ്രത്യേകിച്ച് എന്‍ ഷംസുദ്ദീന്‍ എംഎല്‍എയെന്നും മന്ത്രി കുറ്റപ്പെടുത്തി. 

വകുപ്പുകളുടേത് അല്ലാത്ത പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാരിനെ പഴി ചാരുകയാണ്. ആശുപത്രിയില്‍ വൈദ്യുതി വിച്ഛേദിച്ചിട്ടില്ല. 162 സാമൂഹ്യ അടുക്കളകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ആദിവാസി ഊരുകളില്‍ നിന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് ബാക്കി ഉള്ളവ നിര്‍ത്തിയത്. ചില ഊരുകളിലേക്ക് ഗതാഗത സൗകര്യ പ്രശ്‌നമുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ആകെ 100ല്‍ അധികം ഊരുകളില്‍ റോഡ് സൗകര്യമില്ലെന്ന് മന്ത്രി പറഞ്ഞു. മുത്തങ്ങ സമരം ആരും മറന്നിട്ടില്ലെന്നും വംശഹത്യ ആരോപണത്തില്‍ മന്ത്രി തിരിച്ചടിച്ചു. അട്ടപ്പാടി മുരുഗള ഊരിലെ നാല് മാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹവുമായി അച്ഛന്‍ കിലോമീറ്ററുകള്‍ നടന്ന ദാരുണ സംഭവം ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയമായി ഉന്നയിച്ചിരുന്നു.

എന്‍ ഷംസുദ്ദീന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഉത്തരേന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ സംഭവം നടന്നത് ഇടതുമുന്നണി ഭരിക്കുന്ന കേരളത്തിലാണ്. സര്‍ക്കാരിന്റെ തികഞ്ഞ അനാസ്ഥയാണിത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ തകര്‍ന്നു. 18 ലും 30 ലേറെ ശിശു മരണങ്ങളുണ്ടായി. ഒരു മാസത്തിനിടെ നാല് കുട്ടികള്‍ മരിച്ചു. കോട്ടത്തറ ആശുപത്രിയില്‍ ആവശ്യത്തിന് മരുന്നില്ല. കോട്ടത്തറ ആശുപത്രിയിലെ കാന്റീന്‍ ഒരാഴ്ചയായി പൂട്ടിക്കിടക്കുന്നുരാഷ്ട്രീയ വൈരാഗ്യം കൊണ്ട് പരിചയ സമ്പന്നന്‍ ആയ ഡോ. പ്രഭുദാസിനെ മാറ്റി. പകരം വന്ന ആള്‍ക്ക് പരിചയ കുറവാണെന്നും അദ്ദേഹം ആരോപിച്ചു. 

എന്നാല്‍ മഴ മൂലം റോഡില്‍ ചളി നിറഞ്ഞതിനാലാണ്, കുഞ്ഞു മരിച്ചപ്പോള്‍ വാഹനം കിട്ടാതെ വന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ വിശദീകരിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നു. ആദിവാസി ഊരില്‍ വാഹന സൗകര്യ കുറവ് പരിഹരിക്കാന്‍ ശ്രമിക്കും. എല്ലാ ഊരിലേക്കും റോഡ് വെട്ടുക പ്രയാസമാണ്. ഊരുകളിലെ ഗതാഗത പ്രശ്‌നം തീര്‍ക്കാന്‍ പ്രത്യക പാക്കേജ് നടപ്പാക്കും. അട്ടപ്പാടിക്ക് വേണ്ടി സമഗ്ര കര്‍മ്മ പദ്ധതി തയ്യാറാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. 

Tags:    

Similar News