വ്യാജ പീഡനക്കേസ് ചമച്ച് പണം തട്ടാന്‍ ശ്രമം; യുവതിയും യുവാവും പിടിയില്‍

പീഡനപരാതി അന്വേഷിക്കാന്‍ എത്തിയവരെന്ന വ്യാജേന പ്രവാസിയുടെ വീട്ടില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചവരാണ് പിടിയിലായത്.

Update: 2021-06-12 06:47 GMT

പാലക്കാട്: കളഞ്ഞുകിട്ടിയ ഡ്രൈവിങ് ലൈസന്‍സിന്റെ ചുവട് പിടിച്ച് ഗള്‍ഫിലുള്ള പ്രവാസിക്കെതിരേ വ്യാജ പീഡനക്കേസ് ചമച്ച് പണം തട്ടാന്‍ ശ്രമിച്ച യുവതിയും യുവാവും പിടിയില്‍. പീഡനപരാതി അന്വേഷിക്കാന്‍ എത്തിയവരെന്ന വ്യാജേന പ്രവാസിയുടെ വീട്ടില്‍നിന്ന് പണം തട്ടാന്‍ ശ്രമിച്ചവരാണ് പിടിയിലായത്.

ചുനങ്ങാട് മുരുക്കുംപറ്റ സ്വദേശിയുടെ വീട്ടിലാണു 'അന്വേഷണ സംഘം' എത്തിയത്. രണ്ടു വര്‍ഷം മുമ്പ് കളഞ്ഞുപോയ പ്രവാസി യുവാവിന്റെ ഡ്രൈവിങ് ലൈസന്‍സുമായാണ് ഇരുവരും കഴിഞ്ഞ ദിവസം ഉച്ചയോടെ മുരുക്കുംപറ്റയിലെത്തിയത്. ബൈക്കിലെത്തിയ യുവാവും യുവതിയും ലൈസന്‍സിലെ വിലാസം കാണിച്ചു വീട് അന്വേഷിച്ചത് രണ്ടു വര്‍ഷത്തോളമായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന പ്രവാസിയുടെ സഹോദരനോട്.

മുരുക്കുംപറ്റ സ്വദേശി ഗള്‍ഫില്‍ പോകുന്നതിനു മുന്‍പു നഷ്ടപ്പെട്ട ലൈസന്‍സാണ് ജില്ലാ പോലിസ് മേധാവിയുടെ ഓഫിസില്‍ നിന്നാണെന്ന് അവകാശപ്പെട്ടവരുടെ കയ്യിലുണ്ടായിരുന്നത്. ആറു മാസം മുമ്പ് പെണ്‍കുട്ടിയെ കാറിലിട്ട് പീഡിപ്പിച്ച കേസിന്റെ അന്വേഷണവുമായി എത്തിയതാണെന്നും ലൈസന്‍സ് കാറില്‍ നിന്നു കണ്ടെടുത്തതാണെന്നും പറഞ്ഞായിരുന്നു ഇരുവരും വീട്ടുകാരെ വിരട്ടിയത്. ഇതിനിടെ, കേസില്‍നിന്ന് ഒഴിവാക്കാന്‍ പ്രവാസിയുടെ കുടുംബത്തോട് ഒരു ലക്ഷം രൂപ ഇരുവരും ആവശ്യപ്പെടുകയും ചെയ്തു.

വിവരമറിഞ്ഞ് അമ്പലപ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ശശികുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തിയതോടെ തങ്ങള്‍ പോലിസല്ലെന്നും ഒരു സംഘടനയുടെ ആളുകളാണെന്നും തട്ടിപ്പിനെത്തിയവര്‍ തിരുത്തി. തുടര്‍ന്ന് ഇരുവരേയും പോലിസിന് കൈമാറുകയായിരുന്നു.

Tags:    

Similar News