കനറാ ബാങ്ക് എടിഎമ്മില്‍ കവര്‍ച്ചശ്രമം
ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തുറക്കാന്‍ ശ്രമം നടന്നത്.
തിരൂര്‍: കനറാ ബാങ്കിന്റെ എടിഎമ്മില്‍ കവര്‍ച്ചാശ്രമം. പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. കനറാ ബാങ്കിന്റെ തിരൂര്‍, മുളങ്കുന്നത്തുക്കാവ് ശാഖയിലെ എടിഎം കൗണ്ടറിലാണ് കവര്‍ച്ചാശ്രമം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തുറക്കാന്‍ ശ്രമം നടന്നത്.
ഇന്നലെ പുലര്‍ച്ചെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ എത്തിയ പത്രം ഏജന്റാണ് കവര്‍ച്ച ശ്രമം ആദ്യം ശ്രദ്ധിച്ചത്. കൗണ്ടറിനുള്ളില്‍ നിന്ന് കരിഞ്ഞ മണവും, പുറത്ത് ഗ്യാസ് കട്ടറും കണ്ടതോടെ, ഇയാള്‍ വിവരം പോലിസിനെ അറിയിച്ചു. തുടര്‍ന്ന് സിസിടിവി പരിശോധിച്ച പോലിസിന് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു.
ഇന്നോവ കാറില്‍ ഹെല്‍മറ്റും റെയിന്‍ കോട്ടും മാസ്‌കും ധരിച്ച് കൗണ്ടറില്‍ കടക്കുന്ന ആളിന്റെ ദൃശ്യങ്ങളാണ് പോലിസിന് ലഭിച്ചത്. 2.45ന് എത്തിയ മോഷ്ടാവ് 3.10നാണ് തിരികെ പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസിടിവി കാമറയില്‍ സ്‌പ്രേ അടിച്ച് കേട് വരുത്തിയിട്ടുണ്ട്.
ഗ്യാസ് കട്ടര്‍ ഉപയോഗിക്കുന്നതിനിടെ വേസ്റ്റ് ബക്കറ്റില്‍ ഉണ്ടായിരുന്ന കടലാസുകള്‍ക്ക് തി പിടിച്ചതാണ് മോഷ്ടാവ് പിന്‍തിരിയാന്‍ കാരണമായതെന്ന് കരുതുന്നു. തൃശൂര്‍ സിറ്റി പോലിസ് അസിസ്റ്റന്റ് കമ്മീഷണറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.