തിരുവനന്തപുരം: ആറ്റിങ്ങല്‍ എം.എല്‍.എ ഒ എസ് അംബികയുടെ മകന്‍ വി വിനീത് (34) വാഹനാപകടത്തില്‍ മരിച്ചു. പള്ളിപ്പുറം മുഴുത്തിരിയാ വട്ടത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ 5.30-നായിരുന്നു അപകടം. വര്‍ക്കലയില്‍നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പോയ കാറും എതിര്‍ദിശയില്‍ വിനീതും സുഹൃത്തും സഞ്ചരിച്ചുവന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
വിനീതിന്റെ സുഹൃത്തായ അക്ഷയ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടയ്‌ക്കോട് സര്‍വീസ് സഹകരണ സംഘം ജീവനക്കാരനും സി.പി.എം ഇടയ്‌ക്കോട് ലോക്കല്‍ കമ്മിറ്റി അംഗവുമാണ് വിനീത്. പിതാവ് കെ.വാരിജാക്ഷന്‍ സി.പി.എം. ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരന്‍ വി.വിനീഷ് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റുമാണ്.