പരപ്പനങ്ങാടി: നഗരസഭയില്‍ 2021-22 വാര്‍ഷിക കണക്കെടുപ്പ് ( ധനകാര്യ ) തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നതായി ഓഡിറ്റ് റിപോര്‍ട്ട്. പരപ്പനങ്ങാടി നഗരസഭയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടത്തിയിരിക്കുന്നത്. നഗരസഭയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, ക്യാഷ് ബുക്ക് എന്നിവ പരിശോധിച്ചതിലാണ് തിരിമറി കണ്ടത്തിയത്.
ഓരോ ദിവസവും നഗരസഭയില്‍ പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന വിവിധ നികുതികള്‍, സേവന നികുതികള്‍ അതാത് ദിവസങ്ങളില്‍ തന്നെ നഗരസഭയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതാണ്. എന്നാല്‍ 2021-22 സാമ്പത്തികവര്‍ഷത്തില്‍ തിരിമറി നടന്നതായി കണ്ടെത്തുകയായിരുന്നു.
ഈ കാലയളവില്‍ മുന്‍സിപ്പല്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന നിലവിലെ ജൂനിയര്‍ സൂപ്രണ്ട്, ഓഫിസ് അസിസ്റ്റ്ന്റ് എന്നിവരുടെ നേതൃത്വത്തിലാണത്രെ തിരിമറികള്‍ നടന്നിട്ടുള്ളതെന്ന് പറയപ്പെടുന്നു. ഏകദേശം 40 ലക്ഷത്തോളം രൂപയുടെ തിരിമറികളാണ് കണ്ടത്തിയിട്ടുള്ളത്.
നേരത്തെ തന്നെ പിഎംഎവൈ പദ്ധതിയുടെ പേരില്‍ ഗുണഭോക്താക്കളില്‍ നിന്ന് വിവിധ ഗഡുക്കള്‍ അനുവദിക്കുന്നതിന് തുക ചോദിച്ച് വാങ്ങുന്നതായി ഇവര്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.
ഓഡിറ്റ് റിപോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച നഗരസഭയുടെ കൗണ്‍സില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.