ഒറ്റയാനായി മാക്സ് വെല്‍; അഫ്ഗാന്റെ അട്ടിമറി സ്വപ്‌നം തകര്‍ത്ത ഇന്നിങ്‌സ്; കംഗാരുക്കള്‍ക്ക് സെമി ടിക്കറ്റ് നല്‍കി മാക്‌സി

Update: 2023-11-07 17:51 GMT

മുംബൈ: ഈ ലോകകപ്പിലെ ഏറ്റവും മികച്ച മല്‍സരത്തിനാണ് ഇന്ന് മുംബൈ സാക്ഷ്യം വഹിച്ചത്. അഫ്ഗാനെ ഒറ്റയ്ക്ക് തകര്‍ത്ത് ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്സ്വെല്‍. ഏഴിന് 91 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കണ്ട് നില്‍ക്കെ മാക്സ്വെല്‍ പുറത്താവാതെ നേടിയ ഇരട്ട സെഞ്ചുറിയാണ് (201) ഓസീസിനെ അട്ടമിറിയില്‍ നിന്ന് രക്ഷിച്ചത്. മറ്റൊരാളും 25നപ്പുറമുള്ള സ്‌കോര്‍ നേടിയിട്ടില്ലെന്ന് ഓര്‍ക്കുമ്പോള്‍ മാക്സവെല്ലിന്റെ ഇന്നിംഗ്സിന്റെ മഹത്വം മനസിലാവും. അതും ഓടാന്‍ പോലും കഴിയാതെ കടുത്ത പേശീവലിവിനെ മറികടന്ന്. മൂന്ന് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാന്‍ ഇബ്രാഹിം സദ്രാന്റെ (143 പന്തില്‍ 129) സെഞ്ചുറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 46.5 പന്തില്‍ ലക്ഷ്യം മറികടന്നു.

സ്‌കോര്‍ സൂചിപ്പിക്കും പോലെ തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. രണ്ടാം ഓവറില്‍ ട്രാവിസ് ഹെഡിനെ (0) നവീന്‍ മടക്കി. വിക്കറ്റ് കീപ്പര്‍ ഇക്രം അലിഖിലിന് ക്യാച്ച്. മൂന്നാമനായി തിരിച്ചെത്തിയ മിച്ചല്‍ മാര്‍ഷ് ഓസീസിന് പ്രതീക്ഷ നല്‍കി. 11 പന്തില്‍ 24 റണ്‍സാണ് താരം അടിച്ചെടുത്തത്. രണ്ട് വീതം സിക്‌സും ഫോറും മാര്‍ഷിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. എന്നാല്‍ നവീന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ആത്മവിശ്വാസത്തോടെ തുടങ്ങിയ ഡേവിഡ് വാര്‍ണറെ (18) അസ്മതുള്ള ഒമര്‍സായ് ബൗള്‍ഡാക്കി.

തൊട്ടടുത്ത പന്തില്‍ ജോഷ് ഇന്‍ഗ്ലിസ് (0) സ്ലിപ്പില്‍ ഇബ്രാഹിം സദ്രാന് ക്യാച്ച്. അസ്മതുള്ളയ്ക്ക് ഹാട്രിക് ചാന്‍സ് ഉണ്ടായിരുന്നു. അടുത്ത പന്തില്‍ ഗ്ലെന്‍ മാക്‌സ്വെല്‍ രക്ഷപ്പെടുകയായിരുന്നു. പന്ത് പാഡില്‍ സ്പര്‍ശിച്ചെന്ന് കരുതി അഫ്ഗാന്‍ റിവ്യൂ ചെയ്‌തെങ്കിലും ബാറ്റിലാണ് തട്ടിയത്. മര്‍നസ് ലബുഷെയ്ന്‍ (14) മാക്‌സ്വെല്‍ സഖ്യം രക്ഷപ്പെടുത്തുമെന്ന് തോന്നലുണ്ടാക്കി. എന്നാല്‍ റഹ്‌മത്ത് ഷായുടെ നേരിട്ടുള്ള ഏറില്‍ ലബുഷെയ്ന്‍ റണ്ണൗട്ടായി. പിന്നീടെത്തിയ മാര്‍കസ് (6) നിരാശപ്പെടുത്തി. മിച്ചല്‍ സ്റ്റാര്‍ക്കിനെ (3) റാഷിദ് ഖാനും മടക്കി. പിന്നീടായിരുന്നു മാക്സവെല്ലിന്റെ പോരാട്ടം. പാറ്റ് കമ്മിന്‍സിനെ (68 പന്തില്‍ 12) ഒരറ്റത്ത് നിര്‍ത്തി മാക്സി ഒറ്റയ്ക്ക് ജയിപ്പിച്ചു. 128 പന്ത് നേരിട്ട മാക്സി 10 സിക്സു 21 ഫോറും നേടി.

നേരത്തെ, മോശം തുടക്കമാണ് അഫ്ഗാന് ലഭിച്ചത്. 38 റണ്‍സിനിടെ റഹ്‌മാനുള്ള ഗുര്‍ബാസിനെ (21) അഫ്ഗാന് നഷ്ടമായി. ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് ക്യാച്ച്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ റഹ്‌മത്ത് ഷാ (30) സദ്രാന്‍ സഖ്യം 121 റണ്‍സ് കൂട്ടിചേര്‍ത്തു. നല്ല രീതിയില്‍ കൂട്ടുകെട്ട് മുന്നോട്ട് പോകുമ്പോള്‍ റഹ്‌മത്ത് മടങ്ങി. ഗ്ലെന്‍ മാക്‌സ്വെല്ലിനായിരുന്നു വിക്കറ്റ്. വിക്കറ്റ് പോയെന്ന് മാത്രമല്ല, വേണ്ടത്ര വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ അഫ്ഗാന്‍ താരങ്ങള്‍ക്കായില്ല. ക്യാപ്റ്റന്‍ ഹഷ്മതുള്ള ഷഹീദി (26), അസ്മതുള്ള ഒമര്‍സായ് (22), മുഹമ്മദ് നബി (12) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

നബി മടങ്ങുമ്പോള്‍ 45.3 ഓവറില്‍ അഞ്ചിന് 233 എന്ന നിലയിലായിരുന്നു അഫ്ഗാന്‍. പിന്നീടായിരുന്നു റാഷിദിന്റെ നിര്‍ണായക പ്രകടനം. ഇതിനിടെ സദ്രാന്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 143 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സിന്റേയും എട്ട് ഫോറിന്റേയും അകമ്പടിയോടെയാണ് താരം 129 റണ്‍സെടുത്തത്. റാഷിദ് - സദ്രാന്‍ സഖ്യം 58 റണ്‍സ് നേടി.ജയത്തോടെ ഓസിസ് സെമി ഉറപ്പിച്ചു. അവസാന മല്‍സരത്തില്‍ അഫ്ഗാന്‍ ദക്ഷിണാഫ്രിക്കയെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാല്‍ അവര്‍ക്ക് സെമി സാധ്യതയുണ്ട്.



Tags:    

Similar News