ഡല്‍ഹി മദ്യ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; നാളെ കോടതിയില്‍ ഹാജരാകണം
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യഅഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യഅഴിമതിക്കേസിലെ ഇഡി സമന്‍സ് സ്റ്റേ ചെയ്യണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി സെഷന്‍സ് കോടതി തള്ളി. നാളെ മജിസ്‌ട്രേറ്റ് കോടതിയില്‍ കെജ്രിവാള്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരിട്ട് ഹാജരാകാന്‍ കഴിഞ്ഞമാസം കോടതി സമയം നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച് പതിനാറിന് നേരിട്ടെത്തണമെന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതി കഴിഞ്ഞമാസം നിര്‍ദേശിച്ചിരുന്നത്. മദ്യനയക്കേസില്‍ ചോദ്യം ചെയ്യാന്‍ അഞ്ച് നോട്ടിസുകള്‍ ഇഡി നല്‍കിയിട്ടും കെജ്രിവാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ഇഡി നല്‍കിയ അപേക്ഷയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ഓണ്‍ലൈനായിട്ടാണ് കെജ്രിവാള്‍ ഹാജരായത്.
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ നേരിട്ട് ഹാജരാകുന്നതില്‍ തടസമുണ്ടെന്ന് കോടതിയെ അറിയിക്കുകയായിരുന്നു. സമയം നീട്ടി നല്‍കണമെന്ന കെജരിവാളിന്റെ അപേക്ഷ പരിഗണിച്ച കോടതി അടുത്ത മാസം പതിനാറിലേക്ക് വാദം മാറ്റുകയായിരുന്നു. ഇതിനിടയിലാണ് ഇഡി സമന്‍സ് തള്ളണമെന്നാവശ്യപ്പെട്ട് കെജ്രിവാള്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. അപേക്ഷ തള്ളിയതോടെ ഡല്‍ഹി റൗസ് അവന്യൂ കോടതി നേരത്തെ നിര്‍ദേശിച്ചത് പ്രകാരം നാളെ കോടതിയില്‍ ഹാജരാകണം.