റോഹിന്‍ഗ്യന്‍ നേതാവിന്റെ ഘാതകര്‍ക്കെതിരേ ശക്തമായ നടപടി പ്രഖ്യാപിച്ച് ബംഗ്ലാദേശ്
ധക്ക: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന മുഹമ്മദ് മുഹിബുല്ലയെ വെടിവച്ചുകൊന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി.
ബംഗ്ലാദേശ് കോക്‌സ് ബസാറില്‍ ഉഖിയയിലെ അഭയാര്‍ഥി ക്യാംപിലാണ് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ് മുഹിബുല്ല(40) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. രാത്രി നമസ്‌കാരത്തിന് ശേഷം കുതുപലോങ്ങിലെ ഓഫിസിന് പുറത്ത് അഭയാര്‍ഥി നേതാക്കളുമായി സംസാരിക്കവെയാണ് മൂന്നംഗസംഘം മുഹിബുല്ലയ്ക്ക് നേരേ വെടിയുതിര്‍ത്തത്.
2017 ആഗസ്തില്‍ സൈന്യം അധികാരം പിടിച്ചശേഷമാണ് 7,30,000 റോഹിന്‍ഗ്യര്‍ക്ക് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നത്.
''കൊലപാതകത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കുമെതിരേ ശക്തമായ നടപടി സ്വീകരിക്കും. ആരെയും ഒഴിവാക്കില്ല''- വിദേശകാര്യമന്ത്രി എ കെ അബ്ദുള്‍ മോമന്‍ പറഞ്ഞു. കൊലപാതകത്തിനുശേഷം നടത്തിയ ആദ്യ പ്രതികരണത്തിലാണ് മന്ത്രി ഇക്കാര്യം ഉറപ്പുനല്‍കിയത്.
''മുഹമ്മദ് മുഹിബുല്ലയെ വെടിവച്ച് കൊന്നത് ചില സ്ഥാപിത താല്‍പ്പര്യക്കാരാണ്. അദ്ദേഹം മ്യാന്‍മറിലേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നു. മുഹമ്മദ് മുഹിബുല്ലയുടെ ഘാതകരെ പിടികൂടിയേ മതിയാവൂ''- മന്ത്രി മോമെന്‍ പറഞ്ഞു.
തങ്ങള്‍ക്ക് നഷ്ടപ്പെട്ട അവകാശങ്ങളോടെ മ്യാന്‍മറിലേക്ക് തിരികെപ്പോകണമെന്ന അഭിപ്രായക്കാരനായിരുന്നു മുഹമ്മദ് മുഹിബുല്ല.
റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കായി ശബ്ദമുയര്‍ത്തുന്ന പ്രമുഖ സംഘടനകളിലൊന്നായ അരകന്‍ റോഹിന്‍ഗ്യ സൊസൈറ്റി ഫോര്‍ പീസ് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സിന്റെ (എആര്‍എസ്പിഎച്ച്) ചെയര്‍മാനായിരുന്നു. അധ്യാപകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ യോഗങ്ങളില്‍ അഭയാര്‍ഥികളുടെ വക്താവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെത്തന്നെ അദ്ദേഹത്തിനെതിരേ വധഭീഷണിയുണ്ടായിരുന്നു.