റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ബംഗ്ലാദേശ് വിദൂര ദ്വീപിലേക്കു മാറ്റാന്‍ തുടങ്ങി; ലക്ഷ്യം ഒരു ലക്ഷം അഭയാര്‍ഥികള്‍

അഭയാര്‍ഥികള്‍ വളരെ സന്തോഷത്തോടെയാണ് ദ്വപീലേക്കു പോകുന്നതെന്നും സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചുവെന്നും അഭയാര്‍ഥികളുടെ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഷംസുദ് ദൗസ പറഞ്ഞു.

Update: 2020-12-04 12:57 GMT

കോക്‌സ്ബസാര്‍: ആയിരക്കണക്കിന് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ വിദൂര ദ്വീപിലേക്ക് മാറ്റാന്‍ ബംഗ്ലാദേശ് അധികൃതര്‍ നടപടികള്‍ ആരംഭിച്ചു. 1,600 ഓളം അഭയാര്‍ഥികളെ വെള്ളിയാഴ്ച ബംഗാള്‍ ഉള്‍ക്കടലിലെ വെള്ളപ്പൊക്ക സാധ്യതയുള്ള ദ്വീപായ ഭാസന്‍ ചാര്‍ എന്ന സ്ഥലത്തേക്ക് കൊണ്ടുപോയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്ഥലം മാറ്റുന്നവരെല്ലാം സമ്മതം നല്‍കിയതായി ബംഗ്ലാദേശ് പറയുന്നു. എന്നാല്‍ ദ്വീപിലേക്ക് താമസം മാറ്റാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ഒക്ടോബറില്‍ പറഞ്ഞിരുന്നു എന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു.


350 ദശലക്ഷം ഡോളര്‍ ചിലവില്‍ മൂന്ന് വര്‍ഷം മൂന്‍പാണ് ബംഗ്ലാദേശ് അധികൃതര്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ താമസിപ്പിക്കാന്‍ ഭാസന്‍ ചാര്‍ ദ്വീപില്‍ സൗകര്യം ഒരുക്കാന്‍ തുടങ്ങിയത്. ബംഗ്ലാദേശിനുള്ളിലെ ക്യാംപുകള്‍ക്കുള്ളിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി ഒരു ലക്ഷത്തിലധികം അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിക്കുക എന്നതാണ് ലക്ഷ്യം. 2018 ല്‍ ആരംഭിച്ചപ്രവര്‍ത്തനങ്ങളില്‍ അടുക്കളകളും കുളിമുറിയും ഉള്ള 1440 വീടുകളാണ് നിര്‍മിക്കുന്നത്്.


ഭാസന്‍ ചാറിലേക്ക് സര്‍ക്കാര്‍ ആരെയും ബലമായി കൊണ്ടുപോകുന്നില്ലെന്നും താല്‍പര്യമുള്ളവരെ മാത്രമാണ് അങ്ങോട്ടേക്ക് മാറ്റുന്നതെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി അബ്ദുല്‍ മുഐമിന്‍ പറഞ്ഞു. എന്നാല്‍ പോകാന്‍ താല്‍പര്യമില്ലെങ്കിലും പട്ടികയില്‍ ഉള്‍പ്പെടുത്തിയ 12 കുടുംബങ്ങളെ കണ്ട് അഭിമുഖം നടത്തിയതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അറിയിച്ചു.


മ്യാന്‍മറില്‍ സൈന്യവും ബുദ്ധ കലാപകാരികളും ചേര്‍ന്നു നടത്തിയ റോഹിന്‍ഗ്യന്‍ വംശഹത്യയെ തുടര്‍ന്ന് പതിനായിരത്തോളം പേര്‍ കൊല്ലപ്പെടുകയും 730,000 ത്തിലധികം പേര്‍ പലായനം ചെയ്യുകയും ചെയ്തു. അയല്‍രാജ്യമായ ബംഗ്ലാദേശിനുള്ളിലെ വിശാലമായ അഭയാര്‍ഥി ക്യാംപായ കോക്‌സ് ബസാറില്‍ ലക്ഷക്കണക്കിന് ആളുകളാണ് താമസിക്കുന്നത്.


അഭയാര്‍ഥികള്‍ വളരെ സന്തോഷത്തോടെയാണ് ദ്വപീലേക്കു പോകുന്നതെന്നും സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചുവെന്നും അഭയാര്‍ഥികളുടെ ചുമതലയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മുഹമ്മദ് ഷംസുദ് ദൗസ പറഞ്ഞു. അഭയാര്‍ഥികളുടെ സുഖപ്രദമായ ജീവിതവും ഉപജീവനവും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിഥികളെന്ന നിലയില്‍ റോഹിന്‍ഗ്യരെ പരിപാലിക്കുകയാണെന്നും എല്ലാ സൗകര്യവും നല്‍കുന്നുണ്ടെന്നും നാവികസേനയുടെ വക്താവ് അബ്ദുല്ല അല്‍ മഅ്മൂന്‍ പറഞ്ഞു.




Tags:    

Similar News