ധക്കയിലെ ചേരിയിൽ വന്‍ തീപ്പിടിത്തം; 50,000 പേര്‍ ഭവനരഹിതര്‍

Update: 2019-08-18 14:48 GMT

ധക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധക്കയിലെ ചാലന്തിക ചേരിയില്‍ വൻ തീപ്പിടിത്തം. തീപടർന്നതിനെത്തുടർന്ന് നിരവധി പേരുടെ കുടിലുകൾ നശിക്കുകയും 50,000 പേര്‍ ഭവനരഹിതരാവുകയും ചെയ്തു. ബലി പെരുന്നാൾ ആഘോഷങ്ങൾക്കിടെ വെള്ളിയാഴ്ച വൈകിട്ടാണ് വീടുകള്‍ക്ക് തീ പിടിച്ചത്. പല കുടിലുകളുടെയും മേല്‍ക്കൂരകളില്‍ പ്ലാസ്റ്റിക് ഉപയോഗിച്ചിരുന്നതാണ് തീ പടരാന്‍ കാരണമായത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും മരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ബിബിസി റിപോർട്ട് ചെയ്തു.



 

ചേരിനിവാസികൾ ബലിപെരുന്നാളിന്റെ ആഘോഷങ്ങളില്‍ ആയിരുന്നതിനാല്‍ തീ എങ്ങനെ പടര്‍ന്നു എന്നതിനെക്കുറിച്ച്‌ ആര്‍ക്കും വ്യക്തതയില്ല. ആറ് മണിക്കൂറിലധികം സമയമെടുത്ത് അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണച്ചെങ്കിലും നിരവധി കുടിലുകൾ കത്തിനശിച്ചു. അതേസമയം, ഭവനരഹിതർക്ക് അഭയം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ധാക്കയിലുണ്ടായ തീപിടുത്തത്തില്‍ 80 ഓളം പേർ മരിച്ചിരുന്നു.



 


Similar News