ചര്‍ച്ച് ആക്റ്റ്: ബാര്‍ യൂഹാനോന്‍ റമ്പാന്‍ നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കുന്നു
മുവാറ്റുപുഴ: ചര്‍ച്ച് ആക്റ്റ് നടപ്പാക്കാനാവശ്യപ്പെട്ട് 41 ദിവസമായി നിരാഹാര സത്യാഗ്രഹം നടത്തുന്ന ബാര്‍ യൂഹാനോന്‍ റമ്പാന്‍ സമരമവസാനിപ്പിക്കുന്നു. മൂന്ന് മണിക്ക് എംഎല്‍എ അഡ്വ. എല്‍ദോ എബ്രഹാമിന്റെ കയ്യില്‍ നിന്ന് നാരാങ്ങാവെള്ളം വാങ്ങിക്കുടിച്ചാണ് സമരമവസാനിപ്പിക്കുക. അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിരിക്കുന്ന മുവാറ്റുപുഴ ആശുപത്രിയില്‍ കൊവിഡ് റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് ചര്‍ച്ച് ആക്റ്റിനു വേണ്ടി സമരം ചെയ്യുന്ന സംഘടനയായ മെക്കാബി ജനറല്‍ സെക്രട്ടറി അഡ്വ. ബോബന്‍ വര്‍ഗീസ് അറിയിച്ചു.
മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ 12ാം വാര്‍ഡിലാണ് റമ്പാന്‍ ഇപ്പോഴുള്ളത്. ആശുപത്രിയില്‍ കൊവിഡ് റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് നാല്‍പ്പതോളം പേര്‍ ക്വറന്റീനിലേക്ക് മാറിയിരിക്കുകയാണ്. ആശുപത്രിയിലെ പകുതിയോളം ജീവനക്കാരും ക്വറന്റീനില്‍ പ്രവേശിച്ചു.
സമരം ചെയ്യുന്ന വൈദികന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ നാലംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. പ്രതിരോധശേഷി കുറഞ്ഞിരിക്കുന്നതിനാല്‍ ഒരുപക്ഷേ കൊവിഡ് രോഗബാധ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും അങ്ങനെ സംഭവിച്ചാല്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്നും സമിതി റിപോര്‍ട്ട് നല്‍കി. ഈ സാഹചര്യത്തില്‍ നിരാഹാരസമരം അവസാനിപ്പിക്കണമെന്ന അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് സമരം നിര്‍ത്തിയത്. മൂക്കിലൂടെ ട്യൂബ് ഇട്ട് ഭക്ഷണം കൊടുക്കാനുള്ള നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.