ടിക്കറ്റ് തര്‍ക്കത്തിനിടെ ടിടിഇ തള്ളിയിട്ടു; ട്രെയിനിന്റെ അടിയില്‍പ്പെട്ട് സൈനികന്റെ കാല്‍ അറ്റുപോയി

Update: 2022-11-18 06:04 GMT

അഹമ്മദാബാദ്: ടിക്കറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ടിക്കറ്റ് എക്‌സാമിനര്‍ (ടിടിഇ) ട്രെയിനില്‍ നിന്ന് തള്ളിയിട്ട സൈനികന്റെ കാല്‍ അറ്റുപോയി. ഉത്തര്‍പ്രദേശ് സ്വദേശിയായ സോനു എന്ന സൈനികനാണ് ദാരുണമായ അപകടത്തിനിരയായത്. ദിബ്രുഗഡില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് സഞ്ചരിക്കുകയായിരുന്ന രാജധാനി എക്‌സ്പ്രസ് ബറേലി സ്‌റ്റേഷനിലെത്തിയ വേളയിലാണ് സംഭവം നടന്നത്. ടിക്കറ്റ് പരിശോധിക്കുന്നതിനിടെ സുപന്‍ ബോറെ എന്ന ടിടിഇ സോനുവുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.

തര്‍ക്കം രൂക്ഷമായതോടെ സോനുവിനെ ബറേലി സ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് ബോറെ തള്ളിയിട്ടു. നീങ്ങിത്തുടങ്ങിയ ട്രെയിനിന് അടിയില്‍പ്പെട്ട സോനുവിന് ഗുരുതരമായി പരിക്കേറ്റെന്ന് കണ്ടതോടെ ബോറെ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. സോനുവിനെ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സോനുവിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും കൊലപാതകശ്രമം ചാര്‍ജ് ചെയ്യപ്പെട്ട ബോറെയെ ഉടന്‍ പിടികൂടുമെന്നും പോലിസ് അറിയിച്ചു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് നോര്‍ത്തേണ്‍ റെയില്‍വേയുടെ മൊറാദാബാദ് ഡിവിഷനിലെ സീനിയര്‍ ഫിനാന്‍സ് മാനേജര്‍ സുധീര്‍ സിങ് പറഞ്ഞു. 'അദ്ദേഹം ഒളിവിലാണ്, അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സൈനികനെ തള്ളിയിട്ടശേഷം ചില സഹയാത്രക്കാര്‍ ടിടിഇയെ മര്‍ദ്ദിക്കുകയും ചെയ്തിട്ടുണ്ട്'- ഗവണ്‍മെന്റ് റെയില്‍വേ പോലിസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറായ അജിത് പ്രതാപ് സിങ് പറഞ്ഞു.

Tags:    

Similar News