സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരായില്ല; പിഎഫ്‌ഐ ചാപ്പകുത്തിയെന്ന വ്യാജ പരാതിയില്‍ പ്രതികള്‍ക്ക് ജാമ്യം
കൊല്ലം: കടയ്ക്കലില്‍ സൈനികനെ മര്‍ദ്ദിച്ച് പിഎഫ് ഐ എന്ന പച്ച പെയിന്റ് കൊണ്ട് ചാപ്പകുത്തിയെന്ന വ്യാജ പരാതിയില്‍ പ്രതി രണ്ടുപേര്‍ക്കും ജാമ്യം. സൈനികനായ കടയ്ക്കല്‍ ചാണപ്പാറ ബി എസ് നിവാസില്‍ ഷൈന്‍ കുമാര്‍(35), സുഹൃത്ത് മുക്കട ജോഷിഭവനില്‍ ജോഷി(40) എന്നിവര്‍ക്കാണ് കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. കടയ്ക്കല്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അവധിയിലായതിനാല്‍ പകരം ചുമതലയുള്ള പുനലൂര്‍ കോടതിയിലെ എപിപിയെ ഓണ്‍ലൈനായി കേട്ടശേഷമാണ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്. സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാവുകയോ ജാമ്യാപേക്ഷയെ അതിര്‍ക്കുകയോ ചെയ്തില്ല. ഉത്തരേന്ത്യയിലടക്കം കേരളത്തിനെതിരേ വന്‍ പ്രചാരണത്തിന് ഉപയോഗിച്ച കേസിലാണ് സര്‍ക്കാരിന്റെ അലംഭാവം. മാത്രമല്ല, രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്ന് പോലിസ് അറിയിച്ചിരുന്നെങ്കിലും ഗൂഢാലോചന കുറ്റം മാത്രമാണ് ചുമത്തിയത്. അവധി കഴിഞ്ഞ് രാജസ്ഥാനിലെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരുന്ന സൈനികനെ മര്‍ദിച്ച് മുതുകില്‍ പിഎഫ്.എ എന്നെഴുതിയെന്നായിരുന്നു പരാതി. ദേശീയ മാധ്യമങ്ങളില്‍വരെ വന്‍ വാര്‍ത്തയായ കേസ് വ്യാജമാണെന്ന് പോലിസ് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. സൈനികനായ ഷൈന്‍ കുമാര്‍ പറഞ്ഞതനുസരിച്ചാണ് മുതുകത്ത് പിഎഫ്‌ഐ എന്നെഴുതിയതെന്ന് സുഹൃത്ത് ജോഷി പോലിസിന് മൊഴിനല്‍കുകയായിരുന്നു. ഇതിനിടെ, ബിജെപി കടയ്ക്കല്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ് സൈനിക ഇന്റലിജന്‍സ് വിഭാഗവും ഐബിയും ഉള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നു.