കൊവിഡ് -19: ബയേണും ഡോര്‍ട്ട്മുണ്ടും വേതനം കുറയ്ക്കും
നേരത്തെ മറ്റൊരു ക്ലബ്ബായ ബോറൂസിയ മൊന്‍ചെന്‍ഗ്ലാബാച്ച് താരങ്ങള്‍ തങ്ങളുടെ വേതനം മുഴുവന്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.
ബെര്‍ലിന്‍: കൊവിഡ്-19 കാരണം ജര്‍മ്മനിയില്‍ ഫുട്‌ബോള്‍ മേഖലയിലുണ്ടായ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വേതനങ്ങളില്‍ ഇളവ് വരുത്താന്‍ ക്ലബ്ബുകള്‍ തീരുമാനിച്ചു. ബുണ്ടസാ ലീഗിലെ ഒന്നാം നിര ക്ലബ്ബുകളായ ബയേണ്‍ മ്യൂണിക്ക്, ബോറൂസിയ ഡോര്‍ട്ട്മുണ്ട് എന്നീ ക്ലബ്ബുകളിലെ താരങ്ങളാണ് 20ശതമാനം വേതനം ഒഴിവാക്കാന്‍ തീരുമാനിച്ചത്. നേരത്തെ മറ്റൊരു ക്ലബ്ബായ ബോറൂസിയ മൊന്‍ചെന്‍ഗ്ലാബാച്ച് താരങ്ങള്‍ തങ്ങളുടെ വേതനം മുഴുവന്‍ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നു.
ബയേണ്‍ താരമായ റൊബര്‍ട്ട് ലെവന്‍ഡോസ്‌കി കൊറോണാ വൈറസിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മില്ല്യണ്‍ യൂറോ സംഭാവനയായി നല്‍കിയിരുന്നു. ജര്‍മ്മനിയില്‍ 31, 554 കൊറോണാ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 149 പേരാണ് ഇവിടെ മരിച്ചത്. നേരത്തെ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയും വേതനത്തില്‍ ഇളവ് നല്‍കാന്‍ സമ്മതിച്ചിരുന്നു. നിലവില്‍ ജര്‍മ്മനിയിലും എല്ലാ ലീഗ് ഫുട്‌ബോളുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇവിടങ്ങളില്‍ വന്‍ സാമ്പത്തിക മാന്ദ്യമാണ് ഉടലെടുത്തത്.