ഗോശ്രീപാലം ഉദ്ഘാടനം ചെയ്യും മുമ്പേ ജനങ്ങള്‍ അതുവഴി യാത്രചെയ്തിരുന്നു; ഫെയ്‌സ്ബുക്കില്‍ ഓര്‍മകള്‍ പങ്കുവച്ച് വല്ലാര്‍പ്പാടത്തുകാരന്‍
കൊച്ചി: വൈറ്റില മേല്‍പ്പാലം ഉദ്ഘാടനം ചെയ്യും മുമ്പേ വാഹനങ്ങള്‍ കയറ്റിവിട്ടവര്‍ക്കെതിരേ കേസെടുത്ത സാഹചര്യത്തില്‍ കൊച്ചിയിലെ ഗോശ്രീ പാലം ഉദ്ഘാടനത്തിനു മുമ്പ് ഉപയോഗിച്ചതിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്ന കെഎസ് യു നേതാവിന്റെ പോസ്റ്റ് ശ്രദ്ധേയമാവുന്നു. വല്ലാര്‍പ്പാടത്തുകാരനായ കൃഷ്ണ കൊച്ചിയാണ് തന്റെ ഓര്‍മകള്‍ പങ്ക് വയ്ക്കുന്നത്.
ഗോശ്രീ പാലം ഉദ്ഘാടനം ചെയ്യുന്നത് 2004 ജൂണ്‍ 5ന് എ കെ ആന്റണിയാണ്. എറണാകുളം നഗരവുമായി മുളവുകാട്, വല്ലാര്‍പ്പാടം വൈപ്പിന്‍ എന്നീ ദ്വീപു സമൂഹങ്ങളെ കൂട്ടിയിണക്കുന്ന വലിയ മൂന്ന് പാലങ്ങളാണ് ആസൂത്രണം ചെയ്തത്. ഒപ്പം അതിനോടനുബന്ധിച്ച് ഏതാനും റോഡുകളും നിര്‍മിക്കാന്‍ തീരുമാനിച്ചു. മുളവുകാട് ദ്വീപും വല്ലാര്‍പാടവുമായി ബന്ധിപ്പിക്കുന്ന പാലവുമായിരുന്നു ആദ്യം നിര്‍മാണം പൂര്‍ത്തീകരിച്ചത്. കുറച്ചു നാളുകള്‍ കഴിഞ്ഞാണ് എറണാകുളം മുളവുകാട് പാലവും വല്ലാര്‍പാടം വൈപ്പിന്‍ പാലവും നിര്‍മാണം പൂര്‍ത്തികരിച്ചത്.
2001ല്‍ തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2002 അവസാനത്തോടെ പൂര്‍ത്തിയായി.
2004ല്‍ മുഖ്യമന്ത്രി എ കെ ആന്റണി ഗോശ്രീ പാലങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനു മുന്നേ വല്ലാര്‍പാടത്തുകാരും മുളവുകാടുകാരും വൈപ്പിന്‍കാരും ഗേശ്രീ പാലത്തിലൂടെ വണ്ടി കയറ്റി എറണാകുളം ദ്വീപില്‍ എത്തിയിരുന്നുവെന്ന് കൃഷ്ണ കൊച്ചി പറയുന്നു. അന്നൊന്നും ആരും ഇവര്‍ക്കെതിരേ കേസെടുത്തില്ലെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.
ഉദ്ഘാടനം ചെയ്യുംമുമ്പേ യാത്ര ചെയ്ത് പൊതുമുതല്‍ നശിപ്പിച്ച് 1.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് വിഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ക്കെതിരേ പോലിസ് ഉന്നയിക്കുന്ന ആരോപണം. ഉദ്ഘാടനത്തിനു മുമ്പേ വൈറ്റില മേല്‍പ്പാലം വിഫോര്‍കൊച്ചി അംഗങ്ങള്‍ യാത്രക്ക് തുറന്നുകൊടുത്തുവെന്നാണ് പോലിസ് കേസ്.