ഉദ്ഘാടനത്തിനു മുന്‍പ് വൈറ്റില മേല്‍പാലം തുറന്നു; ഗതാഗതക്കുരുക്ക്; നാലു പേര്‍ അറസ്റ്റില്‍

വി4 കേരള കോഓര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ മറ്റ് ഭാരവാഹികളായ ആഞ്ചലോസ്, റാഫേല്‍, സൂരജ് എന്നിവരാണ് അറസ്റ്റിലായത്.

Update: 2021-01-06 04:12 GMT

കൊച്ചി: ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കെ വൈറ്റില മേല്‍പാലത്തില്‍ ബാരിക്കേഡ് നീക്കി വാഹന ഗതാഗതത്തിന് തുറന്നു കൊടുത്ത സംഭവത്തില്‍ വി4 കേരള ഭാരവാഹികളായ നാലു പേര്‍ അറസ്റ്റില്‍. വി4 കേരള കോഓര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍ മറ്റ് ഭാരവാഹികളായ ആഞ്ചലോസ്, റാഫേല്‍, സൂരജ് എന്നിവരാണ് അറസ്റ്റിലായത്. പനങ്ങാട് സിഐയുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം രാത്രിയോടെ ഇദ്ദേഹം താമസിക്കുന്ന കാക്കനാടുള്ള ഫ്‌ലാറ്റ് വളഞ്ഞ് ബലമായി പിടിച്ചു കൊണ്ടു പോകുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു.

ഇന്നലെ രാത്രി ഏഴ് മണിയോടെ ചിലര്‍ ബാരിക്കേഡ് തുറന്ന് ആലപ്പുഴ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ കടത്തിവിട്ടത്. മറുവശം അടച്ചിരുന്നതിനാല്‍ വാഹനങ്ങള്‍ പാലത്തില്‍ കുരുങ്ങി. ഇത് വലിയ ഗതാഗതകുരുക്കിന്് വഴിവച്ചിരുന്നു.

കാറുകളും ലോറികളും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ അര മണിക്കൂറോളമാണ് പാലത്തില്‍ കുരുങ്ങിയത്. പാലത്തില്‍ അതിക്രമിച്ചു കടന്നതിനു 10 വാഹന ഉടമകള്‍ക്കെതിരേ മരട് പോലിസ് കേസെടുത്തു. പൊതുമരാമത്ത് വകുപ്പിന്റെ പരാതിയിലാണ് കേസ്.

അതേസമയം, നേരത്തെ പാലം തുറന്നു നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെ പാലം തുറന്നു നല്‍കിയത് പ്രവര്‍ത്തകരല്ല എന്ന നിലപാടിലാണ് വി4 കേരള നേതാക്കള്‍.പാലം പണി പൂര്‍ത്തിയായി ഭാരപരിശോധനകള്‍ ഉള്‍പ്പടെ കഴിഞ്ഞിട്ടും വൈറ്റില പാലം തുറന്നു നല്‍കാത്തതിനെതിരെ പ്രതിഷേധവുമായി വിഫോര്‍ കേരള രംഗത്തെത്തിയിരുന്നു.

Tags:    

Similar News